ആൻറണി ചെയ്തത് വലിയ വിട്ടുവീഴ്ച,അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം:പ്രിയദര്‍ശന്‍റെ (Priyadarshan) ബിഗ് ബജറ്റ് മോഹന്‍ലാല്‍ (Mohanlal) ചിത്രം ‘മരക്കാര്‍’ (Marakkar) ഡയറക്റ്റ് ഒടിടി റിലീസ് ഒഴിവാക്കി തിയറ്ററില്‍ റിലീസ് (Theatre Release) ചെയ്യാനുള്ള തീരുമാനത്തില്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിനെ (Antony Perumbavoor) അഭിനന്ദിച്ച് മന്ത്രി സജി ചെറിയാന്‍ (Saji Cherian). ഇക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ആന്‍റണിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. യാതൊരു ഉപാധികളുമില്ലാതെയാണ് ആന്‍റണി പെരുമ്പാവൂര്‍ മരക്കാറിന്‍റെ തിയറ്റര്‍ റിലീസിന് സന്നദ്ധത അറിയിച്ചതെന്ന് വിവരം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഈ മാസം അഞ്ചിന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മരക്കാര്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലും പ്രിയദര്‍ശനും താനുമടക്കമുള്ളവരുടെ ആഗ്രഹം തിയറ്റര്‍ റിലീസ് ആയിരുന്നുവെങ്കിലും കൊവിഡാനന്തര കാലത്ത് അത് സാമ്പത്തികമായി ലാഭകരമാവില്ലെന്ന ബോധ്യത്തിലാണ് ഒടിടി റിലീസ് ചെയ്യേണ്ടിവരുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വ്യാപക ചര്‍ച്ചകള്‍ക്കാണ് ഈ പ്രഖ്യാപനം തുടക്കമിട്ടത്. ഏറെ ആഗ്രഹിച്ച ചിത്രത്തിന്‍റെ തിയറ്റര്‍ കാഴ്ച നഷ്‍ടമാവുന്നതിലെ നിരാശ പങ്കുവച്ച മോഹന്‍ലാല്‍ ആരാധക സംഘടന ആന്‍റണിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു.
എട്ടാം തീയതി ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ ആദ്യ സ്വകാര്യ പ്രദര്‍ശനത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിത്രം കണ്ടിരുന്നു. ഇതിനുശേഷം തിയറ്റര്‍ റിലീസ് എന്ന അഭിപ്രായത്തിലേക്ക് മോഹന്‍ലാലും എത്തിയെന്നാണ് വിവരം. ആന്‍റണിയുടെ ഒടിടി പ്രഖ്യാപനത്തിനു പിന്നാലെ സര്‍ക്കാര്‍ മുന്‍കൈയില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമാവുന്നത്. മരക്കാര്‍ കൂടാതെ നേരത്തെ ഒടിടി റിലീസ് എന്നു കേട്ട ദിലീപ്- നാദിര്‍ഷ ചിത്രം കേശു ഈ വീടിന്‍റെ നാഥന്‍ അടക്കം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. അതേസമയം മരക്കാര്‍ റിലീസിനു മുന്‍പ് തിയറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 75 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ധാരണയായിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവില്‍ 50 ശതമാനം കാണികള്‍ക്കാണ് തിയറ്ററുകളില്‍ പ്രവേശനം.