മലപ്പുറം: കേരളത്തിൽ പാലുൽപാദനം കൂടുന്ന അവസരത്തിൽ വിൽപന കുറയുമ്പോൾ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമായി മിൽമയ്ക്ക് സ്വന്തം പാൽപ്പൊടി ഫാക്ടറി വരുന്നു. അധികമായി സംഭരിക്കുന്ന പാൽ പൊടിയാക്കി മാറ്റാൻ മിൽമ ഇതുവരെ തമിഴ്നാടിനെയാണ് ആശ്രയിച്ചിരുന്നത്.
സ്വന്തം പൗഡർ പ്ലാന്റിന് 9ന് മലപ്പുറം ജില്ലയിലെ മൂർക്കനാട് ശിലാസ്ഥാപനം നിർവഹിക്കും. മൂർക്കനാട് ഡയറിയോടു ചേർന്നു 53 കോടി രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. കെട്ടിടനിർമാണം ആവശ്യമില്ല. അത്യാധുനിക യന്ത്രോപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം. 10 കോടി രൂപ മിൽമ മലബാർ യൂണിയനും 10 കോടി രൂപ ക്ഷീരവികസന വകുപ്പും കണ്ടെത്തും. പ്രതിദിനം ശരാശരി 7,000,46 ലീറ്റർ പാൽ സംഭരിക്കുമ്പോൾ മലബാറിലെ പ്രതിദിന വിൽപന 5,24,467 ലീറ്റർ മാത്രമാമാണ്. 1,75,579 ലീറ്റർ പാൽ വിൽക്കാനാവാതെ വരുന്നു.
കേരളത്തിൽ മൊത്തം പാൽ ഉൽപാദനം ആവശ്യമായ അളവിലെത്തുമ്പോൾ മലബാറിലെ ഈ 1.75 ലക്ഷം ലീറ്റർ പാൽ അധികമായി വരികയും അതു പൊടിയാക്കി മാറ്റാൻ പുതിയ പ്ലാന്റ് ഉപകാരപ്പെടുമെന്നുമാണ് മിൽമയുടെ കണക്കുകൂട്ടൽ.