<
വാളയാര്‍: മൂന്ന് അതിഥിത്തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് വീണുകിടക്കുന്ന നിലയില്‍ ഇവര കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണ് മരിച്ചത്. അതേസമയം ഇവർ ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെയും പോലീസിനെയും ആക്രമിച്ചു. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സും അടിച്ചുതകർത്തു.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനെത്തിയപ്പോള്‍ അഗ്നി സുരക്ഷാ സേനാംഗങ്ങള്‍ക്ക് നേരെ സുഹൃത്തുക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഹരിയോം കുനാല്‍ മരിച്ച നിലയിലും ബാക്കി രണ്ടു പേര്‍ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. കുനാലിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കാതെ മറ്റ് അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയായിരുന്നു.