കൊച്ചി: ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും. എം.ജി ശ്രീകുമാര്‍ കായല്‍ കൈയേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു. ഇതുസംബന്ധിച്ച വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
പരാതിയില്‍ അന്വേഷണം നടത്തി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ വിജിലന്‍സ് അന്വേഷണത്തിനു സാങ്കേതിക തടസമുണ്ടെന്നും വിജിലന്‍സ് ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചു.
എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം ജി ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. 2010ലാണ് എം ജി ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം.