KeralaNews

ഒറ്റ ടിക്കറ്റിൽ ട്രെയിനിലും ബസിലും ഓട്ടോയിലും സൈക്കിളിലും യാത്ര, മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നവംബർ ഒന്നിന്, കൊച്ചി നഗരയാത്രയ്ക്കിനി പുതിയ മുഖം

എറണാകുളം: യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുന്ന മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നവംബർ ഒന്നിന് ജില്ലയിൽ പ്രവർത്തനം തുടങ്ങും. അതോറിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 31 ന് 2.30 ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. തുടർന്ന് ജിഡ, ജിസിഡിഎ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും അതോറിറ്റിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഒരുക്കും.

യാത്രക്കാരുടെ ആവശ്യത്തിനും, താല്പര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. റയിൽവേ, മെട്രോ റയിൽ, ബസ് സർവീസ്, ടാക്സി സർവീസ്, ഓട്ടോറിക്ഷ, സൈക്കിൾ തുടങ്ങിയ ഗതാഗത മാർഗങ്ങളുടെ ഏകോപനം ഇതിനായി ആദ്യഘട്ടത്തിൽ ഉറപ്പാക്കി. സർവീസ് നടത്തുന്ന ബസുകളെയെല്ലാം ചേർത്ത് കമ്പനി രൂപീകരിച്ചു. ഓട്ടോ സർവീസുകളെല്ലാം ഒന്നിപ്പിക്കുന്ന സൊസൈറ്റിയുടെ രൂപീകരണവും പൂർത്തിയായി. കൊച്ചി മെട്രോയുടെ കീഴിലെ സൈക്കിൾ യാത്രയും ഇതിനു വേണ്ടി ഉപയോഗിക്കും. പദ്ധതി പ്രാവർത്തികമാകുന്നതോടെ യാത്രക്കാർക്ക് ഒരു ടിക്കറ്റിൽ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യവും ഒരുക്കും. മെട്രോ വൺ കാർഡ് പദ്ധതിയും ബസുകളിൽ സ്മാർട്ട്കാർഡുപയോഗിച്ചുള്ള യാത്രയും നഗരത്തിൽ നിലവിലുണ്ട്. 150 ബസുകളിലാണ് ഇത്തരം സംവിധാനമുള്ളത്. ഇത് ഓട്ടോ റിക്ഷകളിലേക്കും, ബോട്ട് സർവീസിലേക്കും വ്യാപിപ്പിക്കും. ട്രാഫിക് നിയന്ത്രണങ്ങൾക്കായി ഇൻ്റലിജൻറ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റവും നഗരത്തിൽ നടപ്പിലാക്കി കഴിഞ്ഞു.

മെട്രോ നഗരങ്ങളിലെല്ലാം തന്നെ
യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി വേണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ രൂപീകരണം. പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേൽനോട്ടം എന്നിവയാണ് അതോറിറ്റിയുടെ ചുമതല. ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലെല്ലാം അതോറിറ്റി രൂപീകരിച്ചുവെങ്കിലും പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടില്ല. എന്നാൽ കൊച്ചി നഗരത്തിൽ അതോറിറ്റിയുടെ പ്രവർത്തനം കൃത്യമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. സിംഗപ്പൂരിലെ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദ്ദേശങ്ങളും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ വരുന്നതോടെ പരിധിയിൽ വരുന്ന പൊതുഗതാഗത സംവിധാനങ്ങളും, റോഡുകളും, ട്രാഫിക് നിയന്ത്രണവും എല്ലാം അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലാകും. റോഡ് അറ്റകുറ്റപണികൾ വരെ അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക. എല്ലാ ഭാഗങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങളും അതോറിറ്റി ഉറപ്പു വരുത്തും. പദ്ധതിയുടെ നടത്തിപ്പിനായി നഗരത്തിൻ്റെ മുഖഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങളാണ് വരുന്നത്. സൈക്കിൾ യാത്രക്കാർക്കായി റോഡിനോടു ചേർന്ന് പ്രത്യേക പാത ഒരുക്കും. കാൽനടയാത്രക്കാർക്കുള്ള പാത ഭിന്നശേഷീ സൗഹൃദമാക്കും.

മൊബൈൽ ആപ് വഴിയായിരിക്കും പ്രവർത്തനങ്ങളുടെ ഏകോപനം. യാത്രയുടെ ആരംഭത്തിൽ തന്നെ എത്തേണ്ട സ്ഥലത്തേക്കുള്ള യാത്രാ ഉപാധി യാത്രക്കാരനു തെരഞ്ഞെടുക്കാം. ആദ്യം ബോട്ട് പിന്നീട് യാത്ര ബസിൽ അതിനു ശേഷം ടാക്സിയിൽ തുടങ്ങി യാത്രക്കാരൻ്റെ സൗകര്യത്തിനനുസരിച്ചുള്ള ഉപാധികൾ ആപിൽ കാണിക്കും. സ്മാർട്ട് കാർഡ് ഉള്ളവർക്ക് ഒറ്റത്തവണയായി തന്നെ യാത്ര നിരക്ക് അടക്കാവുന്ന സൗകര്യവുമുണ്ടാകും. ഇത്തരം യാത്രയിൽ യാത്രയുടെ ഇടക്കു വച്ച് ഉപാധി മാറ്റാൻ കഴിയില്ല.

അതോറിറ്റി നിലവിൽ വരുന്നതോടെ പൊതുഗതാഗത രംഗത്ത് നിലവിലുള്ള മത്സര സ്വഭാവം മാറ്റിയെടുക്കാൻ കഴിയുമെന്ന് പദ്ധതി തയാറാക്കുന്ന നഗര ഗതാഗത വിദഗ്ധർ പറയുന്നു. നിലവിൽ ഗതാഗതം യാത്രക്കാരൻ്റെ സൗകര്യത്തേക്കാളുപരി ഉടമയുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. അത് എല്ലാ മേഖലയിലും നഷ്ടങ്ങളാണ് വരുത്തുന്നത്. അതോറിറ്റി എല്ലാ ഗതാഗത സംവിധാനത്തേയും പരസ്പരം കോർത്തിണക്കുകയാണ് ചെയ്യുന്നത്. ഇവിടെ മത്സരമില്ല. യാത്രക്കാരനാണ് പ്രാമുഖ്യം. സുഗമമായ യാത്ര ആദ്യാവസാനം ഒരുക്കുകയാണ് ലക്ഷ്യം.

ഗതാഗത മന്ത്രി അധ്യക്ഷനായാണ് അതോറിറ്റി രൂപീകരിക്കുന്നത്. ഗതാഗത സെക്രട്ടറി ഉപാധ്യക്ഷനായിരിക്കും. മേയർ, എം എൽ എ, ഗതാഗത മേഖലയിലെ വിദഗ്ധർ എന്നിവരുമുണ്ടാകും. കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഖ്യ ചുമതല വഹിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker