Sam AI:ചിത്രത്തിലെ ഓരോ വസ്തുവിനേയും തിരിച്ചറിയും; മെറ്റയുടെ പുതിയ ‘സാം’ എഐ
സാന്‍ഫ്രാന്‍സിസ്‌കോ:പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. സെഗ്മന്റ് എനിതിങ് മോഡല്‍ അഥവാ ‘സാം’ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ചിത്രങ്ങളിലും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍ കഴിവുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു സാധ്യതയാണ് സാം എഐയിലൂടെ മെറ്റ പരീക്ഷിക്കുന്നത്. കാര്‍ഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങള്‍ തുടങ്ങി പലവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് മെറ്റ പറയുന്നു. മെറ്റയുടെ തന്നെ വിവിധ ആപ്പുകളില്‍ ഈ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതിയെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
സാം എഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ നേരത്തെ തന്നെ മെറ്റ ഉപയോഗിക്കുന്നുണ്ട്. ചിത്രങ്ങളിലെ ആളുകളെ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് അത്തരം സാങ്കേതിക വിദ്യകളാണ്. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക മോഡറേഷന് വേണ്ടിയും സാം എഐ പ്രയോജനപ്പെടുത്താനാവും.