EntertainmentNews

ലിസിയും ഞാനും വെള്ളസാരിയൊക്കെ ഉടുത്ത് രതീഷിനെ പേടിപ്പിച്ചു;അദ്ദേഹം കരഞ്ഞ് നിലത്ത് വീണ് പോയെന്ന് മേനക

കൊച്ചി:മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേനക സുരേഷ്. നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് മേനക അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇടയ്ക്ക് സിനിമയിലേക്ക് തിരികെ വന്നെങ്കിലും അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ സിനിമാ ലൊക്കേഷനില്‍ പണ്ടുണ്ടായ ചില കഥകള്‍ വെളിപ്പെടുത്തുകയാണ് നടി.

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കാന്‍ മേനക എത്തിയിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്കിടയില്‍ രസകരമായ ചില കഥകള്‍ കൂടി നടി വെളിപ്പെടുത്തി. അതിലൊന്ന് മുകേഷ്, രതീഷ് തുടങ്ങിയ നടന്മാരെ പറ്റിച്ചതിനെ പറ്റിയായിരുന്നു.

കൂട്ടുകാരൊക്കെ ഒരുമിച്ച് കൂടുമ്പോള്‍ മറ്റുള്ളവരെ പറ്റിക്കുന്ന പരിപാടി ഉണ്ടായിരുന്നു എന്നാണ് മേനക പറയുന്നത്. ഒരിക്കല്‍ ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ വിളിച്ച് പറ്റിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം പറഞ്ഞൊരു വാക്കിലൂടെ അദ്ദേഹം ആളെ കണ്ടെത്തിയെന്നും നടി പറയുന്നു. അതുപോലെ രതീഷിനെ യക്ഷിയുടെ വേഷത്തില്‍ വന്ന് പേടിപ്പിച്ചതിനെ പറ്റിയും പറയുകയാണ് നടിയിപ്പോള്‍.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രതീഷേട്ടന്‍, ആലപ്പി അഷറഫ് തുടങ്ങിയവരൊക്കെ ഒരുമിച്ച് താമസിക്കുന്നു. ഇവര്‍ക്ക് ഓപ്പോസിറ്റായി ഞാനും ലിസിയും മറ്റൊരു മുറിയിലും താമസിക്കുകയാണ്. അങ്ങനൊരു ദിവസം പ്രിയേട്ടന്‍ ലിസിയെ കാണാനായി പുറത്ത് നിന്ന് വന്നു. സുരേഷേട്ടനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളെല്ലാവരും അവിടെയിരുന്ന് വര്‍ത്തമാനം പറയുകയാണ്.

ഇതിനിടയില്‍ നമുക്കെല്ലാവര്‍ക്കും കൂടി രതീഷിനെയും മറ്റുള്ളവരെയും ഒന്ന് പറ്റിച്ചാലോ എന്ന ചിന്ത വന്നു. എങ്ങനെ പറ്റിക്കാമെന്ന ചിന്തയില്‍ യക്ഷിയായി പേടിപ്പിക്കാമെന്ന് തീരുമാനിച്ചു. ഞങ്ങളുടെ കൈയ്യില്‍ വെള്ള നിറമുള്ള സാരി ഉണ്ടായിരുന്നു. അതുപോലെ വലിയൊരു വിഗ്ഗും ഉണ്ട്. ഇതൊക്കെ വെച്ചിട്ട് യക്ഷിയെ പോലെ പേടിപ്പിക്കാമെന്നായി. ഒരാള്‍ യക്ഷിയുടെ വേഷം കെട്ടുമ്പോള്‍ മറ്റൊരാള്‍ ചിരിക്കണം. മറ്റൊരാള്‍ ചിലങ്കയും കെട്ടി നടക്കണം.

അപ്പോള്‍ രാത്രി ഏകദേശം പതിനൊന്ന് പന്ത്രണ്ട് മണിയൊക്കെ ആയി കാണും. ചിലങ്ക കെട്ടിയിട്ട് ഞാന്‍ ആ വീടിന് ചുറ്റും ഓടണം. ലിസി ചിരിക്കാമെന്നും പറഞ്ഞു. പക്ഷേ ലിസി ചിരിച്ചാല്‍ ശരിയാവില്ലെന്ന് പ്രിയേട്ടന്‍ പറഞ്ഞതോടെ അത് എനിക്ക് തന്നു. മാത്രമല്ല സിനിമയ്ക്ക് വേണ്ടി അവിടെ സെമിത്തേരിയുടെ സെറ്റ് ഇട്ടിട്ടുണ്ട്.

ഞാനവരുടെ മുറിയുടെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ജനലിലെ വെട്ടത്തിലൂടെ എന്റെ മുഖം വ്യക്തമായി കാണില്ല. അതുകൊണ്ട് തന്നെ സാക്ഷാല്‍ യക്ഷിയുടെ ലുക്കിലേക്ക് വന്നു. ശേഷം ഞാന്‍ പോയി രതീഷേട്ടന്റെ വാതിലില്‍ തട്ടും. ആ സമയത്ത് ചിലങ്ക കെട്ടി ലിസി ഓടും. അതിനൊപ്പം ഞാന്‍ ചിരിക്കും. അങ്ങനെ മാറി മാറി ചെയ്യാന്‍ തുടങ്ങി. ഇത് കേട്ടിട്ട് പെട്ടെന്ന് അദ്ദേഹം വാതില്‍ തുറന്നു.

ഞാന്‍ കൈയ്യൊക്കെ വിരിച്ച് യക്ഷിയെ പോലെ നില്‍ക്കുകയാണ്. പുറകില്‍ നിന്ന് വെട്ടം വരുന്നതിനാല്‍ എന്റെ മുഖം കാണാനും പറ്റില്ല. എന്നെ കണ്ടതോടെ ‘എന്റമ്മേ’ എന്ന് പറഞ്ഞ് രതീഷേട്ടന്‍ ഒരൊറ്റ വീഴ്ചയായിരുന്നു. പിന്നീട് സുരേഷേട്ടനൊക്കെ അദ്ദേഹത്തെ വന്ന് എടുക്കുകയും വെള്ളമൊക്കെ കൊടുത്ത് ഓക്കെയാക്കുകയും ചെയ്തു. രതീഷിനെ പോലെ മണിയന്‍പിള്ള രാജു ചേട്ടനേയും പേടിപ്പിച്ചിരുന്നു. അദ്ദേഹത്തിനും യക്ഷിയെ പേടിയാണെന്നാണ് മേനക പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker