അതേപറ്റി ഞങ്ങൾ ചോദിക്കാറില്ല; അവൾ തന്നെ പറയും; ഞങ്ങളുടെ മകളെ ഞങ്ങൾക്കറിയാം; ഗോസിപ്പുകൾക്കിടെ മേനക
കൊച്ചി:തമിഴ്, തെലുങ്ക് സിനിമകളിൽ ഇന്ന് വില പിടിപ്പുള്ള നായിക നടിയാണ് കീർത്തി സുരേഷ്. അച്ഛൻ സുരേഷ് കുമാറും അമ്മ മേനകയും മലയാള സിനിമാ രംഗത്ത് പേരെടുത്തവരാണെങ്കിലും കീർത്തിക്ക് തുണയായത് തമിഴ് സിനിമാ രംഗമാണ്. വാശിയാണ് ഒടുവിൽ കീർത്തി അഭിനയിച്ച മലയാള സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴ് സിനിമാ രംഗത്ത് മുൻ നിര നായിക നടിയാവാൻ വളരെ പെട്ടെന്ന് കീർത്തിക്ക് കഴിഞ്ഞു.
വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമയിലേക്കും കീർത്തി ശ്രദ്ധ നേടി. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നടിക്ക് ലഭിക്കുന്നത് മഹാനടി എന്ന തെലുങ്ക് സിനിമയിലൂടെയാണ്. നീലത്താമര ഉൾപ്പെടെ പല മലയാള സിനിമകളിലും കീർത്തിയെ നായികയായി ക്ഷണിച്ചിരുന്നെങ്കിലും പിതാവ് വിട്ടില്ല. സുഹൃത്ത് പ്രിയദർശന്റെ ഗീതാഞ്ജലി എന്ന സിനിമയിൽ അഭിനയിക്കാൻ സുരേഷ് കുമാർ കീർത്തിയെ അനുവദിച്ചു. പിന്നീട് കീർത്തിയെന്ന താരത്തിന്റെ ഉദയമാണ് പ്രേക്ഷകർ കണ്ടത്.
ദസറയാണ് കീർത്തിയുടെ പുതിയ സിനിമ. നാനി ചിത്രത്തിൽ നായകനായെത്തുന്നു. കീർത്തിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാതാപിതാക്കളായ സുരേഷ് കുമാറും മേനക സുരേഷും. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം. സിനിമാ ലോകത്ത് നിന്ന് വരുന്ന ഗോസിപ്പുകൾ ശ്രദ്ധിക്കാറില്ലെന്ന് സുരേഷ് കുമാർ പറയുന്നു. പൊതുവെ അവ വായിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോസിപ്പ് വരുന്നുണ്ടെങ്കിൽ നമ്മൾ പ്രശസ്തരായെന്നാണ് അർത്ഥമെന്ന് മേനക സുരേഷും അഭിപ്രായപ്പെട്ടു. വീട്ടിൽ വെറുതെ ഇരിക്കുന്ന ആർട്ടിസ്റ്റിനെ പറ്റി ആരും ഗോസിപ്പ് എഴുതില്ല. കീർത്തിയോട് ഗോസിപ്പിനെക്കുറിച്ചൊന്നും ചോദിക്കാറില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ വന്ന് പറയും. ഞങ്ങളുടെ മകളെ ഞങ്ങൾക്കറിയാമെന്നും മേനക വ്യക്തമാക്കി.
കീർത്തി അച്ഛനോടാണ് കൂടുതൽ സംസാരിക്കാറെന്നും മേനക പറയുന്നു. തിരക്കു കാരണം കീർത്തിയെ വല്ലാതെ മിസ് ചെയ്യുന്നെന്നും മേനക പറഞ്ഞു. ബർത്ത് ഡേ സെലിബ്രേഷന് പോലും അവസാനമാണ് കീർത്തി വന്നത്. നാല് പേരും ചേർന്ന് തീൻമേശയിലിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നടി വ്യക്തമാക്കി.
സിനിമകളുടെ വിജയ പരാജയങ്ങൾ കൈകാര്യം ചെയ്യാനുള്ള പക്വത കീർത്തിക്കുണ്ടെന്നും മേനക പറയുന്നു. തൊടരി എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം വന്നപ്പോഴും കീർത്തി അത് പോസിറ്റീവായാണ് എടുത്തത്. ആ സിനിമ കണ്ടാണ് മഹാനടിയിലേക്ക് വിളിക്കുന്നത്. ആ സിനിമ ഏറ്റെടുക്കും മുമ്പ് കീർത്തി ചെയ്യണോ എന്ന് സംശയമുണ്ടായിരുന്നെന്നും താനാണ് ഈ സിനിമ ചെയ്യൂ എന്ന് പറഞ്ഞതെന്നും മേനക പറഞ്ഞു.
കീർത്തിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മഹാനടി എന്ന സിനിമ. അന്തരിച്ച സാവിത്രി എന്ന നടിയുടെ ജീവിതകഥയായിരുന്നു സിനിമയുടെ പ്രമേയം. ദുൽഖർ സൽമാനും സമാന്തയും സിനിമയിൽ പ്രധാന വേഷത്തിലെത്തി. വൻ ഹിറ്റായ സിനിമയ്ക്ക് ശേഷം കീർത്തിക്ക് കൈ നിറയെ അവസരങ്ങൾ വന്നു. എന്നാൽ മഹാനടിക്ക് ശേഷം അത് പോലെ പെർഫോമൻസ് കാഴ്ച വെക്കാൻ പറ്റിയ ഒരു സിനിമ കീർത്തിക്ക് ലഭിച്ചില്ല. അണ്ണാത്തെ ഉൾപ്പെടെയുള്ള സിനിമകളിലെ കീർത്തിയുടെ പ്രകടനവും മോശമായി.
ദസറ എന്ന സിനിമയിൽ വലിയ പ്രതീക്ഷ കീർത്തി സുരേഷിന്റെ ആരാധകർക്കുണ്ട്. തിരക്കുകൾ കാരണമാണ് മലയാളത്തിലേക്ക് കീർത്തിയെ കാണാത്തതെന്നാണ് വിവരം. മലയാളത്തിൽ ചെയ്യുമ്പോൾ നടി കുറേക്കൂടി സെലക്ടീവുമാണ്. വാശി എന്ന സിനിമ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും സിനിമ ഒടിടിയിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോ തോമസായിരുന്നു സിനിമയിലെ നായകൻ. കീർത്തിയുടെ വിവാഹം നടക്കാൻ പോവുന്നെന്ന് നാളുകളായി ഗോസിപ്പുണ്ടായിരുന്നു.