താലിബാനെ വിറപ്പിയ്ക്കുന്ന പെൺപുലി,ഗവർണർ സലീമ മസാരിയെ അറിയാം
കാബൂൾ:അഫ്ഗാനിസ്ഥാനിൽ താലിബാൻ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.അഫ്ഗാനിസ്ഥാനിലെ ചില പ്രധാന പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. എന്നാൽ, ഏറെക്കുറെ ദുർബലമായെന്ന് തോന്നിച്ച അഫ്ഗാൻ സൈന്യത്തെ താലിബാനെതിരെയുള്ള പോരാട്ടത്തിൽ നയിക്കാൻ ഒരു വനിതാ ഗവർണർ രംഗത്തു വന്നിരിക്കുകയാണ്. വനിതാ ഗവർണറായ സലീമ മസാരി താലിബാനെ നേരിടുന്നതിനായി തന്റെ പ്രദേശത്ത് ഒരു സൈന്യത്തെ രൂപീകരിക്കുകയാണ്. പ്രാദേശികവാസികൾ തങ്ങളുടെ ഭൂമിയും വളർത്തുമൃഗങ്ങളെയും വിറ്റ് ആയുധങ്ങൾ വാങ്ങി സൈന്യത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്.
സലീമ മസാരി അഫ്ഗാനിസ്ഥാനിലെ ചാർകിന്റ്റ് ജില്ലയിലെ ഗവർണറാണ്. ഒരു പുരുഷാധിപത്യ സമൂഹമായ അഫ്ഗാനിസ്ഥാനിൽ ഗവർണറായി പ്രവർത്തിക്കുന്ന സലീമ താലിബാനെതിരെയുള്ള പോരാട്ടത്തിന് വേണ്ടി സ്വന്തമായി സൈന്യത്തെ അണിനിരത്തുകയാണ്. സധൈര്യം സലീമ ഈ സൈന്യത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു. ഉത്തര അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന സലീമ പ്രാദേശികജനതയെ ധാരാളമായി സൈന്യത്തിന്റെ ഭാഗമാക്കി അണിനിരത്തുകയാണ്. കഴിഞ്ഞ മെയ് മാസം തുടക്കം മുതൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ മേഖലകൾ കീഴടക്കിക്കൊണ്ട് തങ്ങളുടെ തേരോട്ടം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനിക ഇടപെടലുകൾ അവസാനിപ്പിച്ച് യു എസ് സൈന്യം പൂർണമായി പിന്മാറുകയാണ് എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് താലിബാൻ അത് ഒരു അവസരമായി കണ്ട് മലയോര ഗ്രാമങ്ങളും താഴ്വരകളുമെല്ലാം കീഴടക്കി തങ്ങളുടെ സ്വാധീനശേഷി വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. നിലവിൽ കാബൂൾ ഒഴികെ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട മറ്റെല്ലാ പ്രവിശ്യകളും താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു. എന്നാൽ, താലിബാന് ഇതുവരെ ചാർകിന്റ് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ബാൽഖ് പ്രവിശ്യയിലെ മസർ ഇ ഷരീഫിൽ നിന്ന് ഒരു മണിക്കൂർ ദൂരം മാത്രം അകലെയുള്ള പ്രദേശമാണ് ചാർകിന്റ്.
“താലിബാൻ മനുഷ്യാവകാശങ്ങളെ ക്രൂരമായി ലംഘിക്കുന്ന ആളുകളാണ്. വനിതാ നേതാക്കളെ അംഗീകരിക്കാൻ അവർക്ക് കഴിയില്ല. ഈ പ്രദേശത്തെ ജനങ്ങൾ ഹസാര സമുദായത്തിൽപെടുന്നവരാണ്. അവരിൽ ഭൂരിഭാഗവും ഷിയ ജനവിഭാഗമായതിനാൽ സുന്നി മുസ്ലീങ്ങളെ ഉൾക്കൊള്ളുന്ന താലിബാന് അവരോട് വെറുപ്പാണ്”, താലിബാനെതിരെ ഒറ്റയ്ക്ക് ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്ന ഗവർണർ സലീമ പറയുന്നു. താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും നിരന്തരം ലക്ഷ്യം വെയ്ക്കുന്ന വ്യക്തിയാണ് സലീമ.
സലീമയുടെ ഭരണത്തിന് കീഴിലുള്ള ജില്ലയുടെ പകുതി പ്രദേശങ്ങൾ താലിബാൻ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശങ്ങൾ സംരക്ഷിച്ചു നിർത്താനുള്ള കഠിനമായ പോരാട്ടത്തിലാണ് സലീമയും സൈന്യവും. കർഷകരും ആട്ടിടയന്മാരും തൊഴിലാളികളും ഉൾപ്പെടുന്ന നൂറുകണക്കിന് പ്രാദേശിക ജനങ്ങൾ സലീമയുടെ പിന്നിൽ താലിബാനെതിരെയുള്ള യുദ്ധത്തിൽ അണിനിരക്കുന്നു. “ഞങ്ങളുടെ ആളുകൾക്ക് തോക്കുകൾ ഉണ്ടായിരുന്നില്ല. അവർ അവരുടെ പശുക്കളും ആടും ഭൂമി വരെ വിറ്റിട്ടാണ് ആയുധങ്ങൾ വാങ്ങി സ്വരൂപിച്ചത്”, സലീമ പറയുന്നു.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രാദേശികജനത യുദ്ധത്തിന്റെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നു. സൈന്യത്തിൽ ചേർന്നതിന്റെ പേരിൽ എന്തെങ്കിലും ആനുകൂല്യങ്ങളോ വേതനമോ ഒന്നും അവർക്ക് ലഭിക്കുന്നില്ല. ഈ പ്രാദേശിക ജനത ആത്മാർത്ഥമായി പ്രതിരോധിക്കുന്നത് കൊണ്ട് മാത്രമാണ് താലിബാന് ഈ ജില്ലയിലെ മറ്റു പ്രദേശങ്ങൾ ഇതുവരെ പിടിച്ചെടുക്കാൻ കഴിയാത്തത് എന്ന് ജില്ലാ പോലീസ് മേധാവി സെയ്ദ് നസീർ ഉറച്ചു വിശ്വസിക്കുന്നു. സലീമയ്ക്ക് നിലവിൽ സാധാരണക്കാരായ 600 പേരെ താലിബാനെതിരെ അണിനിരത്താൻ കഴിഞ്ഞിട്ടുണ്ട്. യുദ്ധത്തിനിടെ സൈനികർക്കും സുരക്ഷാസേനയ്ക്കും പകരമായി ഇവർ പ്രത്യാക്രമണത്തിന്റെ ചുക്കാൻ ഏറ്റെടുക്കുന്നു.
താലിബാനെക്കുറിച്ച് മോശം ഓർമകൾ മാത്രമാണ് ചാർകിന്റ് എന്ന ഗ്രാമത്തിലെ ജനങ്ങൾക്കുള്ളത്. മുമ്പ് താലിബാൻ ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവർ സ്ത്രീകൾ പഠിക്കുന്നതിനും എഴുതുന്നതിനും ജോലി ചെയ്യുന്നതിനുമെല്ലാം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2001-ൽ ഇവിടെ താലിബാൻ ഭരണം അവസാനിച്ചതിന് ശേഷം രണ്ടു പതിറ്റാണ്ടായെങ്കിലും അവരുടെ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. വീണ്ടും ഭരണത്തിൽ വന്നാൽ താലിബാൻ വനിതകളുടെ നേതൃപാടവം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗവർണർ സലീമ ഉറച്ചു വിശ്വസിക്കുന്നു. താലിബാൻ വീണ്ടും അധികാരം ഏറ്റെടുത്താൽ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുമെന്നും യുവാക്കൾ തൊഴിൽ രഹിതരായി കഴിയേണ്ടി വരുമെന്നും സലീമ പറയുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ സൈന്യത്തോടൊപ്പം താലിബാനെതിരെ പുതിയ യുദ്ധതന്ത്രങ്ങൾ മെനയുകയാണ് സലീമ.
അഫ്ഗാൻ വംശജയായ സലീമ മസാരി ഇറാനിൽ ഒരു അഭയാർത്ഥിയായി 1980-ലാണ് ജനിച്ചത്. സോവിയറ്റ് യുദ്ധത്തെ തുടർന്ന് പലായനം ചെയ്തവരാണ് സലീമയുടെ കുടുംബം. ഇറാനിൽ തന്നെ അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. ടെഹ്‌റാൻ സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ സലീമ വിവിധ സർവകലാശാലകളിലും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയിലും സേവനമനുഷ്ഠിച്ചു. അതിനുശേഷം മാതാപിതാക്കളുമായി സലീമ സ്വന്തം നാടായ അഫ്ഗാനിസ്ഥാനിലേക്ക് തിരികെ വന്നു.
2018-ലാണ് ചാർകിന്റ് എന്ന ജില്ലയിൽ ഗവർണറുടെ തസ്തികയിൽ ഒരു ഒഴിവുണ്ടെന്ന് സലീമ അറിഞ്ഞത്. തന്റെ പൂർവികരുടെ ജന്മദേശം ആയതിനാൽ ഈ സ്ഥാനത്തിനായി അപേക്ഷിക്കാൻ അവർ തീരുമാനിച്ചു. തുടർന്നാണ് അവർ ഗവർണർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. താലിബാന്റെ മുന്നേറ്റം സൃഷ്‌ടിച്ച ഭീതിദമായ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ സലീമ തന്റെ ജില്ലയെ സംരക്ഷിച്ചു നിർത്തുന്നതിനായി ഒരു സുരക്ഷാ കമ്മീഷനെ നിയോഗിച്ചു. ഈ സുരക്ഷാ കമ്മീഷനാണ് സൈന്യത്തിലേക്ക് പ്രാദേശികവാസികളെ അണിനിരത്തുന്നത്. തന്റെ ഭരണ കാലയളവിൽ താലിബാനെ വിറപ്പിച്ച ഭരണാധികാരി കൂടിയായിരുന്നു സലീമ മസാരി. അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്ന താലിബാൻ ഭീകരർക്കെതിരെ സാമ്പ്രദായികമായ വിശ്വാസങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് നിർണായകമായ പോരാട്ടത്തിന് നേതൃത്വം നൽകുകയാണ് സലീമ എന്ന ഈ പെൺപുലി.