സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി അവതാരകയാണ് മീര അനില്‍. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്. തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ ഓണവിശേഷമാണ് ആരാധകരുമായി മീര പങ്കുവെയ്ക്കുന്നത്.
”എനിക്ക് പത്ത് വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സ്‌കൂളില്‍ ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുമായിരുന്നു. ഒളിമ്പിക്സിനു പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ. കഴിഞ്ഞ കൊല്ലത്തെ കണക്ക് തീര്‍ക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവര്‍ക്കും. അന്ന് അടുത്ത ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെന്‍ കണ്ട് ഞങ്ങള്‍ക്ക് അസൂയ ആയി. അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
അതിനായി അവരുടെ ക്ലാസില്‍ കയറിപ്പറ്റി പൂവ് മോഷ്ടിച്ചു. ആ കൊല്ലം ഞങ്ങള്‍ക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം. എന്നാല്‍ പക്ഷെ മറ്റൊന്നായിരുന്നു പിന്നീട് സംഭവിച്ചത്. പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞ് ഞങ്ങള്‍ വിജയം ആഘോഷിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞതും എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ദേഹത്ത് പൊള്ളുന്നത് പോലെ തോന്നി. അപ്പോഴാണ് ഞങ്ങളെ തോല്‍പ്പിക്കാനായി എതിര്‍ ക്ലാസുകാര്‍ ഞങ്ങളുടെ പൂക്കളില്‍ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നുവെന്ന് മനസിലായത്. എല്ലാവരും നേരെ ബാത്ത് റൂമിലേക്ക് ഓടി. പക്ഷെ ടാപ്പെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. 20 മിനുറ്റോളം എല്ലാവരും കരയുകയായിരുന്നു.” മീര പറയുന്നു.