ന്യൂഡല്‍ഹി: കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വര്‍ധിച്ചു. ചൈനയില്‍ നിന്നുള്ള മരുന്ന് ചേരുവകളുടെ ക്ഷാമമാണ് വില ഉയരാന്‍ കാരണം. മരുന്നുകള്‍ക്കുള്ള സജീവ ചേരുവകളുടെ 70 ശതമാനം ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ജീവന്‍രക്ഷാമരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവ ഇതില്‍പ്പെടും.
ചൈനയിലെ അടച്ചുപൂട്ടല്‍കാരണം 57 മരുന്നിന് ഏപ്രിലോടെ ക്ഷാമമുണ്ടായേക്കും. എച്ച്ഐവി പ്രതിരോധത്തിനുള്ള റിറ്റോനാവിര്‍, ലോപ്പിനാവിര്‍, ഹൃദയാഘാതവും ഹൃദ്രോഗങ്ങള്‍ക്കുമുള്ള അറ്റോര്‍വാസാസ്റ്റിന്‍, ആന്റിബയോട്ടിക്കുകളായ പെന്‍സിലിന്‍-ജി, അമോക്‌സിലിന്‍, ആംപിസിലിന്‍, ടെട്രാസൈക്കിളിന്‍, ഒഫ്ലോക്‌സാസിന്‍, ജെന്റാമൈസിന്‍, മെട്രോനിഡാസോള്‍, ഓര്‍ണിഡാസോള്‍, നാഡീരോഗങ്ങള്‍ക്കുള്ള ഗബാപെന്റിന്‍ തുടങ്ങിയ മരുന്നുകള്‍ക്കാണ് ക്ഷാമമുണ്ടാകാന്‍ സാധ്യത. ഇവയുടെ പട്ടിക കമ്പനികള്‍ സര്‍ക്കാര്‍ സമിതിക്ക് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ജീവന്‍രക്ഷാമരുന്നുകള്‍ എത്രത്തോളമുണ്ട്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട് തുടങ്ങിയവ ശേഖരിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഡോ. ഈശ്വര്‍റെഡ്ധിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. ക്ഷാമം നേരിടുന്ന മരുന്നുകളുടെ വില്‍പ്പന നിയന്ത്രിക്കുകയും ബദല്‍മരുന്നുകള്‍ വ്യാപകമാക്കുകയും ചെയ്യും. സമാന മരുന്നുകള്‍ ശുപാര്‍ശ ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോട് നിര്‍ദേശിച്ചേക്കും.