KeralaNews

'3 വാരിയെല്ലുകൾ പൊട്ടി, ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാറായിട്ടില്ല'; ഡോ. കൃഷ്ണൻ ഉണ്ണി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് താഴേക്ക് വീണ് പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസ് അപകടനില തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റിയിലെ ഡോ. കൃഷ്ണൻ ഉണ്ണി പോളക്കുളത്ത്.

എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ അല്ല. എംഎൽഎയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വെന്റിലേറ്ററിൽ തുടരുകയാണെന്നും ആരോഗ്യനില സ്റ്റേബിൾ ആണെന്നും ഡോക്ടർ പറഞ്ഞു.    ഉമാ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിലാണ്. നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഐസിയുവിൽ മുഴുവൻ സമയം ഡോക്ടർമാർ ഉണ്ട്. ഒന്ന്, രണ്ട്, മൂന്ന് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ഒന്നാം വാരിയെല്ല് പൊട്ടുക എന്ന് പറഞ്ഞാൽ അത് ഗുരുതര പരിക്ക് തന്നെയാണ്.

അതാണ് ശ്വാസകോശത്തിൽ രക്തം കട്ടപ്പിടിക്കുന്നതിന് കാരണമായത്. ഇക്കോസ്പ്രിൻ ഗുളിക കഴിക്കുന്നതിനാലാണ് രക്തം കട്ടപ്പിടിക്കാൻ സമയം എടുത്തത്. കുറച്ച് അധികം രക്തം പോയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. 

നേരത്തെ ഭയപ്പെട്ടത് പോലുള്ള സംഭവങ്ങൾ ഒന്നും ഇപ്പോഴില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ ലഭിക്കുന്നത് ശുഭകരമായ വിവരങ്ങളാണ്. ആരോഗ്യനില അപകടകരമായ അവസ്ഥയിൽ നിന്ന് തിരിച്ചു വരികയാണ്. തലക്ക് പരിക്ക് ഉണ്ട്.

അതിനാലാണ് 24 മണിക്കൂർ നിരീക്ഷണമെന്നും ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. റെനൈ മെഡിസിറ്റിയിലെത്തി ഉമാ തോമസിൻ്റെ ആരോഗ്യനില അന്വേഷിച്ചതിന് ശേഷമാണ് പ്രതികരണം. 

റെനൈ മെഡിസിറ്റി ആശുപത്രിയിലെ ന്യൂറോയുടെ നേതൃത്വത്തിലാണ് ചികിത്സ. കൂടാതെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം എത്തും. ആവശ്യമായ എല്ലാ മെഡിക്കൽ സഹായവും ലഭ്യമാക്കും. ശുഭകരമായ വാർത്തയാണ് ലഭിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ബിപി തുടങ്ങി മറ്റു കാര്യങ്ങളെല്ലാം ശരിയായി വരുന്നുണ്ട്. തലയ്ക്കുള്ള പരിക്കാണ് ​ഗുരുതരം. മറ്റു പ്രശ്നങ്ങളൊന്നും ​ഗുരുതരമല്ല. കലൂർ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്ന് പിന്നീട് പരിശോധിക്കാം. നാളെ പരിശോധിച്ച് പറയാം.

നിലവിലെ പരി​ഗണന ഏറ്റവും മികച്ച ചികിത്സ നൽകലാണ്. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇവിടെയുണ്ട്. നല്ല രീതിയിൽ ശ്രദ്ധ കിട്ടുന്നുണ്ട്. ആശുപത്രി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ ഡോക്ടർമാരുമായും സംസാരിച്ചുവെന്നും സതീശൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker