ഫിറോസ് കുന്നുംപറമ്പില്‍ എന്ന വ്യക്തിയെ തനിക്കറിയില്ല, എനിക്ക് ആരെയും ട്രോളി പടമെടുക്കണ്ട, സുരേഷ് കോടാലിപ്പറമ്പന്‍ എന്നത് എന്റെ ക്യാരക്ടറിന്റെ പേരാണ്; മായക്കൊട്ടാരം തിരക്കഥാകൃത്ത്
മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതു മുതല്‍ ട്രോളുകളും കമന്റുകളുമായി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍ എന്ന ചാരിറ്റി പ്രവര്‍ത്തകനായാണ് റിയാസ് ഖാന്‍ പോസ്റ്ററിലുളളത്.
സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ എന്ന വ്യക്തിയെ കളിയാക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതുമാണ് പോസ്റ്റര്‍ എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ഒരു സംഘം തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി രംഗത്തെത്തുകയാണ്’, എന്നായിരുന്നു പ്രതികരണമായി ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.
എന്നാല്‍ താനൊരു സംഘത്തിലേയും അംഗമല്ലെന്നും ഫിറോസ് കുന്നുംപറമ്പില്‍ എന്ന വ്യക്തിയെ തനിക്കറിയില്ലെന്നും മായക്കൊട്ടാരം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ബൈജു പറയുന്നു. എനിക്ക് ആരെയും ട്രോളി പടമെടുക്കണ്ട, സുരേഷ് കോടാലിപ്പറമ്പന്‍ എന്നത് എന്റെ ക്യാരക്ടറിന്റെ പേരാണ്. ആ കഥാപാത്രം ഇതുപോലെ ഓണ്‍ലൈന്‍ ചാരിറ്റി ചെയ്യുന്ന ഒരു വ്യക്തിയുമാണ്. അതിനപ്പുറത്തേയ്ക്ക് ഈ പറയുന്ന ആരെയും ഞാന്‍ ട്രോളുന്നില്ല. കോമഡിയും പ്രണയവും എല്ലാം ഉള്‍പ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുന്ന ഒരു സിനിമയാണ് ‘മായക്കൊട്ടാരം’.
ഓണ്‍ലൈന്‍ ചാരിറ്റി മാത്രമല്ല, മറ്റൊരു വിഷയത്തെ കുറിച്ചാവും അടുത്ത പോസ്റ്റര്‍ വരിക. നമുക്ക് ചുറ്റുമുള്ള തട്ടിപ്പുകാരായ ഒരുപാട് ആളുകളെ കുറിച്ചും ഒരുപാട് സംഭവങ്ങളെ കുറിച്ചും കളിയാക്കുന്നുണ്ട് ഈ സിനിമയിലൂടെ. നല്ലത് ചെയ്യുന്ന ആരെയും ഞാന്‍ ട്രോളിയിട്ടില്ല ബൈജു പറയുന്നു.