CrimeKeralaNews

വഴിയാത്രക്കാരോട് പണം വാങ്ങല്‍;ലിഫ്റ്റ് ചോദിച്ച് യാത്ര,മായാ മുരളി വധക്കേസിൽ പോലീസ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ

തിരുവനന്തപുരം: മായാ മുരളി തന്നെ ഉപേക്ഷിച്ചു വീട്ടിലേക്കു പോകാൻ തീരുമാനിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി രഞ്ജിത്ത്. ഓട്ടിസം ബാധിച്ച മായയുടെ മൂത്ത കുഞ്ഞിനെ ആശുപത്രിയിൽ ഇരുവരും സന്ദർശിച്ച് മടങ്ങിയ 8ന് രാത്രിയാണ് മായയെ കൊലപ്പെടുത്തിയത്. മടക്കയാത്രയില്‍ തിരികെ കുട്ടികളുടെ അടുത്തേക്കു പോകുന്ന കാര്യം മായ സൂചിപ്പിച്ചിരുന്നു.

രാത്രിയോടെ വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടാവുകയും അത് മർദനത്തിൽ കലാശിക്കുകയുമായിരുന്നു. നെറ്റിയുടെ മധ്യഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്നു തിരിച്ചറിഞ്ഞതോടെ രഞ്ജിത്ത് പ്രതിയായി. 

ഒന്നരക്കൊല്ലം മുൻപ് ഓട്ടോറിക്ഷ ഓടിക്കാൻ എത്തിയാണ് രഞ്ജിത്ത് മായയുമായി സൗഹൃദം സ്ഥാപിച്ചത്. ഭർത്താവ് നഷ്ടപ്പെട്ട മായ 8 മാസം മുൻപാണ് രഞ്ജിത്തിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായാ മുരളിയെ (37) ഇടിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടപ്പനക്കുന്ന് അമ്പഴംകോട് വാറുവിളാകത്ത് വീട്ടിൽ ടി.രഞ്ജിത്ത് (31) കുറ്റസമ്മതം നടത്തുകയായിരുന്നു.

തന്നെ ഉപേക്ഷിച്ച് മായ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതാണ് രഞ്ജിത്തിനെ പ്രകോപിപ്പിച്ചതെന്നു സമ്മതിച്ചതായി ഡിവൈഎസ്പി സി.ജയകുമാർ പറഞ്ഞു. തമിഴ്നാട് തേനിയിൽ നിന്നാണ് രഞ്ജിത്തിനെ പിടികൂടിയത്. മായയുടെ രണ്ടു കുട്ടികൾ ഇവർക്കൊപ്പമായിരുന്നു. പിന്നീട് മായയുടെ വീട്ടുകാരും ആദ്യ ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് കുട്ടികളെ ഏറ്റെടുത്തു. ഓട്ടിസം ബാധിച്ച മൂത്ത കുട്ടിയുടെ സംരക്ഷണം രഞ്ജിത്തിൽ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് ബന്ധുക്കൾ കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു.

മുതിയാവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഈ മാസം 9ന് മായയെ മരിച്ച നിലയിൽ വീടിനു സമീപത്തെ റബർ പുരയിടത്തിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും 8ന് രാത്രി വഴക്കിട്ടു. ബന്ധം ഉപേക്ഷിച്ച് തിരിച്ച് തന്റെ വീട്ടിലേക്ക് പോകുമെന്ന് മായ പറഞ്ഞതോടെ പ്രകോപിതനായ രഞ്ജിത്ത് ക്രൂരമായി മർദിച്ചു.

രക്ഷപ്പെടാൻ ഇറങ്ങി ഓടിയ മായയെ പിന്തുടർന്നെത്തി മുഖത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുൻപ് പല സ്ത്രീകൾക്കൊപ്പവും കഴിഞ്ഞിരുന്ന രഞ്ജിത്ത് ഇവരെയും ക്രൂരമായ മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

കൊല നടന്ന് 13–ാം നാൾ പ്രതിയെ പിടിച്ച ആശ്വാസത്തിലാണ് അന്വേഷണ സംഘം. പ്രതിയെ തേടി പൊലീസ് സംഘം സഞ്ചരിച്ചത് ദുർഘട വഴികളിലൂടെ. പ്രതിയുടെ കയ്യിൽ ഫോണില്ല. വീടുമായി ബന്ധമില്ല. ലഭിച്ച വിവരങ്ങൾ പലതും തെറ്റ്. പൊലീസിനെ വഴി തെറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായി.

ഒടുവിൽ തേനിയിലെ ചായക്കടയിൽ നിന്നും പ്രതിയെ കണ്ടെത്തുമ്പോൾ പൊലീസിനു ആശ്വാസം. സബ് ഡിവിഷനിലെ പത്തോളം പൊലീസുകാർ, ഷാഡോ ടീം എന്നിവരടങ്ങുന്ന സംഘം രാവും പകലുമില്ലാതെ അധ്വാനിച്ചു. കൊല നടത്തിയ ശേഷം 9ന് രാവിലെ രഞ്ജിത്ത് ഫോൺ ഉപേക്ഷിച്ച് മുങ്ങി.

വട്ടപ്പാറയിലെ ഒരു കടയിലെത്തി പുതിയ ഷർട്ട് വാങ്ങി. വഴിയിൽ കണ്ട വ്യക്തിയുടെ ഫോൺ വാങ്ങി സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതു മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലുണ്ടായിരുന്ന വിവരങ്ങൾ. ലോറികളിൽ ലിഫ്റ്റ് ചോദിച്ചും വഴിയാത്രക്കാരോടു പണം വാങ്ങിയും തേനിയിലെത്തി എന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ഒരു ചായക്കടയിൽ ജോലി ഉറപ്പാക്കി. വീണ്ടും തിരുവനന്തപുരത്തേക്കു വന്നു. 19ന് രാവിലെ ജോലിയിൽ പ്രവേശിക്കാൻ തേനിക്ക് പോയി. ബസിൽ കയറുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതാണ് പ്രതിയുടെ താവളത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button