ഉത്തരക്കടലാസിന് പകരം ആര്‍ട്‌സ് ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ഫോം! അബദ്ധം പിണഞ്ഞ് മാതൃഭൂമി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ റൂമില്‍ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവത്തില്‍ അബദ്ധം പിണഞ്ഞ് മാതൃഭൂമി ദിനപത്രം. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയില്‍ ഉത്തരക്കടലാസിന് പകരം ആര്‍ട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷന്‍ ഫോം ചിത്രീകരിച്ചാണ് മാതൃഭൂമി പുലിവാല് പിടിച്ചിരിക്കുന്നത്.
‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭൂമി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്. പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത്. എസ്.എഫ്.ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടിയാണ് യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായും പത്രം പറയുന്നു.