റായ്പൂർ: ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട. രാജ്യത്തെ തന്നെ പ്രമുഖ മാവോയിസ്റ്റ് നേതാവും സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ചലപതി (ജേറാം) അടക്കമുള്ള 14 പേരാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട വ്യക്തിയാണ് ചലപതി. ഗാരിയാബന്ദ് ജില്ലയിലെ കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്നലെ വൈകീട്ട് മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയായി ശക്തമായ ഏറ്റുമുട്ടലാണ് നടന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സി പി ഐ (മാവോയിസ്റ്റ്) സംഘടനയിൽ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും അധികാരമുള്ള കേന്ദ്രകമ്മിറ്റിയിലെ സജീവ അംഗമായിരുന്നു ചല്‍പതി. ആക്രമണത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്നും വലിയ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൂടുതല്‍ പേർ പങ്കെടുത്തിട്ടുണ്ടെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ സേന പരിശോധന തുടരുകയാണ്.
സി ആർ പി എഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്തമായാണു ഓപറേഷൻ നടത്തിയതെന്ന് ഡി ജി പി ഖുറാനിയ വ്യക്തമാക്കി. ‘ഇന്നലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വൈകുന്നേരത്തോടെ സൈന്യം രണ്ട് വനിതാ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയതിനാൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഡിലെ ഗാരിയബന്ദിൽ നിരോധിത സംഘടനയുടെ നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. എല്ലാ മൃതദേഹങ്ങളും ഗാരിയാബന്ദ് മേഖലയിൽ നിന്നാണ് കണ്ടെടുത്തത്’ ഗാരിയാബന്ദ് ജില്ലയിലെ പോലീസ് സൂപ്രണ്ട് നിഖിൽ രഖേച്ചയെ ഉദ്ധരിച്ച ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിൽ മുതിർന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്. ഇതോടെ ഗാരിയാബന്ദ് ജില്ലാ സേന, സി ആർ പി എഫിലെ ഉദ്യോഗസ്ഥർ, എലൈറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര), ഒഡീഷയിലെ നുവാപദയിലെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ് ഒ ജി) എന്നിവരെ ഉൾപ്പെടുത്തി ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെടിവയ്പിൽ ഒരു കോബ്രാ ജവാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായത്തിനായി ഇന്നലെ തന്നെ റായ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ നിയമവിരുദ്ധമായ സി പി ഐ (മാവോയിസ്റ്റ്) യുടെ മെയിൻപൂർ-നുവാപദ ഡിവിഷനിലെ പ്രവർത്തകരാണെന്നും സുരക്ഷ സേന വ്യക്തമാക്കുന്നു.
നക്‌സലിസത്തിനുള്ള മറ്റൊരു ശക്തമായ പ്രഹരമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നക്സൽ വിമുക്ത ഇന്ത്യക്കായുള്ള നിശ്ചയദാർഢ്യവും സുരക്ഷാ സേനയുടെ സംയുക്ത പരിശ്രമത്തിന്റേയും ഭാഗമായി രാജ്യത്തെ നക്സലിസം ഇന്ന് അന്ത്യശ്വാസം വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.