കൊച്ചി: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍വെല്‍ ടൂര്‍സ് കോവിഡിന്റെ മറവില്‍ ജീവനക്കാര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിടുന്നതായി പരാതി. കമ്പനിയുടെ സീസണ്‍ കാലയളവ് സെപ്റ്റംബര്‍ – മാര്‍ച്ച് ആണെന്നിരിക്കെ ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി ബിസിനസ് കുറവായിരുന്നെന്ന വ്യാജേനെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് രാപകലില്ലാതെ വിയര്‍പ്പൊഴുക്കിയ ജീവനക്കാരെയാണ് ഇപ്പോള്‍ പിരിച്ചു വിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച ബിസിനസിന്റെ 95% നേടിയെടുത്തതില്‍ ഈ ജീവനക്കാരുടെ നിഷേധിക്കാനാവാത്ത പ്രയത്‌നമുണ്ട്.
കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മാര്‍ച്ച് മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നു. ഏപ്രില്‍ – മെയ് മാസങ്ങളിലെ ശമ്പളം ലഭിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സമ്മതപത്രം ജീവനക്കാര്‍ക്ക് മെയില്‍ അയക്കുകയും ഒപ്പിട്ട ശേഷം മടക്കി അയക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. അതിന് ശേഷമാണ് കമ്പനി നിശ്ചയിച്ച തുച്ഛമായ ശമ്പളം ജീവനക്കാര്‍ക്ക് കൈമാറിയത്.
മെയ് മാസത്തിലെ 30% ശമ്പളം ലഭിക്കണമെങ്കില്‍ ഉപയോഗിച്ച സിം / ഫോണ്‍ / ലാപ് ടോപ് എന്നിവ മടക്കി നല്‍കണമെന്ന വാട്‌സ്ആപ്പ് സന്ദേശമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്. ലോക്ക് ഡൗണ്‍ കാലയളവില്‍ വീട്ടിലിരുന്നും കമ്പനിയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ചവര്‍ക്ക് പാരിതോഷികം പോലെയാണ് ജൂണ്‍ മുതല്‍ കമ്പനിയില്‍ നിന്ന് പുറത്താക്കിയതായുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അര്‍ഹമായ ഗ്രാറ്റുവിറ്റി പോലുള്ള ആനുകൂല്യങ്ങള്‍ പല ഗഡുക്കളായി മാത്രമേ നല്‍കാന്‍ കഴിയുകയുള്ളു എന്നാണ് കമ്പനിയുടെ നിലപാട്. ആനുകൂല്യങ്ങള്‍ കണക്കാക്കുന്നത് അവസാനം കൈപ്പറ്റിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതും പ്രതിഷേധാര്‍ഹമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
മാന്യമായി പിരിഞ്ഞു പോകുവാന്‍ ജീവനക്കാര്‍ തയ്യാറാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം കമ്പനിയെ സേവിച്ച ഇവരുടെ ആനുകൂല്യങ്ങള്‍ പോലും തടയപ്പെട്ടതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. എങ്ങോട്ട് പോകും, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പലരും
സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. പകുതി ജീവനക്കാരെ ഒരു സമയം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണ് പലരും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.