തൃശ്ശൂർ:യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയശേഷം ഒളിവിൽപോയ മാർട്ടിൻ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പീഡനത്തിന്റെ നടുക്കുന്ന വിവരങ്ങൾ യുവതിയുടെ സുഹൃത്തുക്കളടക്കം വെളിപ്പെടുത്തിയപ്പോഴും കേസിലെ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മാർട്ടിന്റെ സുഹൃത്തുക്കളെയടക്കം പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മാർട്ടിന്റെ ഒളിത്താവളം പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്. തൃശ്ശൂർ മുണ്ടൂർ ഭാഗത്ത് വീടിന് സമീപത്ത് കാടുപിടിച്ച് കിടക്കുന്നപ്രദേശത്ത് തന്നെയാണ് മാർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിലാണ് മാർട്ടിൻ പിടിയിലാകുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടെ മാർട്ടിനെ കുരുക്കാൻ നാട്ടുകാരുടെ കൂടി സഹായത്തോടെ ആയിരുന്നു പൊലീസ് നീക്കം. നാട്ടുകാരടങ്ങുന്ന ഓരോ സംഘത്തിനും ഒപ്പം ഓരോ പോലീസ് ഉദ്യോഗസ്ഥൻ. ഒളിഞ്ഞു മറഞ്ഞ് കളിച്ച്, ഒടുവിൽ മാർട്ടിൻ ക്ഷീണിതനായ അവസ്ഥയിലെത്തി. പിന്നീട് ഒരു വ്യാവസായിക മേഖലയിലെ കെട്ടിടത്തിന് മുകളിൽ മാർട്ടിൻ കീഴടങ്ങി.
റോബിൻ എന്ന സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. റോബിനും കസ്റ്റഡിയിലുണ്ട്. നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവർക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂർ എറണാകുളം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ പ്രതിയെ കുറിച്ച് സൂചനയുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.
എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടർന്ന് ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റിൽവെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പോലീസ് പിടികൂടിയത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.
യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
മാർട്ടിൻ ജോസഫ് എറണാകുളം സി.ജെ.എം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യഹർജി തള്ളിയ അന്നുതന്നെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. മേയ് 31-ന് ഹൈക്കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
https://twitter.com/Breakingkerala2/status/1403057157608640516?s=19