KeralaNews

കുട്ടിയെ ഉപേക്ഷിച്ച് വായ്പ കിട്ടിയ 4 ലക്ഷവുമായി കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍

പയ്യന്നൂര്‍: കാണാതായ കോറോത്തെ മുപ്പത്തിന്നാലുകാരിയായ വീട്ടമ്മയെയും കാമുകനെയും കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂല്‍ നോര്‍ത്തിലെ ഹാരിസിനോടൊപ്പമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ മാസം 26 മുതല്‍ കോറോത്തെ യുവതിയെ കാണാതായതെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. 11 വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്. മറ്റൊരു യുവാവിനൊപ്പമാണോ യുവതി പോയതെന്നു സംശയിക്കുന്നതായി പരാതിയിലുണ്ടായിരുന്നു.

ഇതേത്തുടര്‍ന്നാണ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ കസബ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് ഇരുവരെയും കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ബാങ്കില്‍നിന്നെടുത്തത് ഉള്‍പ്പെടെ 4,10,000 രൂപയും ഒന്‍പതു പവനുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലം വിട്ടത്. യാത്രക്കിടയില്‍ ഇരുവരും സിം കാര്‍ഡ് ഊരിക്കളഞ്ഞതോടെ ഇവരുടെ താവളം കണ്ടെത്താന്‍ പോലീസിനു ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല.

തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ പയ്യന്നൂര്‍ എസ്ഐ യദുകൃഷ്ണന്‍, സിഐ മഹേഷ് കെ.നായര്‍, എഎസ്ഐ ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരും കോഴിക്കോടുണ്ടെന്നു മനസിലാക്കിയത്. പയ്യന്നൂരിലെ കടയില്‍ ജോലി ചെയ്തു വരവേയാണ് എതിര്‍ വശത്തെ കടയിലെ ഹാരീസുമായി യുവതി അടുപ്പത്തിലായതും ഇരുവരുമൊന്നിച്ചു കടന്നതും. കോഴിക്കോട്ടെത്തിയ ഇവര്‍ മെഡിക്കല്‍ കോളജിനടുത്ത് വാടക വീടെടുത്തു ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു വരികയായിരുന്നു.

കസബ പോലീസും സ്പെഷല്‍ സ്‌ക്വാഡും സഹകരിച്ചതിനാലാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. നാലു ലക്ഷം കൊണ്ടുപോയെങ്കിലും ഇനി യുവതിയുടെ കൈയില്‍ രണ്ടു ലക്ഷത്തോളം രൂപമാത്രമേ ശേഷിക്കുന്നുള്ളൂ. ബാക്കി ആര്‍ഭാട ജീവിതത്തിനും മറ്റുമായി ചെലവഴിച്ചെന്നാണ് കരുതുന്നത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുട്ടിയെ ഉപേക്ഷിച്ചു പോയതു ഗൗരവതരമായ കുറ്റമാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button