സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ചണ്ഡിഗഡ്: സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 21 വയസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പിതാവിന്റെ സഹോദരന്റെ മകള്‍ ആയ പെണ്‍കുട്ടിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹിതരാകുമെന്നുള്ള അപേക്ഷ നിയമവിരുദ്ധമാണെന്നും യുവാവിന്റെ ഹര്‍ജിയില്‍ കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ വിവാഹം കഴിക്കാമെന്നാണ് യുവാവ് നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. തട്ടിക്കൊണ്ടു പോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലുധിയാന ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് 18ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവാവ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരും അടുത്ത ബന്ധുക്കളാണെന്നും ഇരുവരുടെയും പിതാക്കള്‍ സഹോദരങ്ങളാണെന്നും കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതായും ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ഇതിനിടെ ജീവന് സംരക്ഷണവും ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് കാട്ടി യുവാവ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത് യുവാവിന്റെ അഭിഭാഷകന്‍ ചൂണ്ടികാട്ടി. ഇരുവരും ഒരുമിച്ചു കഴിയുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. യുവാവിന്റെ ഹര്‍ജി തള്ളിയ കോടതി, ഇരുവര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് വ്യക്തമാക്കി.
എന്നാല്‍ ഹര്‍ജിക്കാരുടെ നിയമലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതില്‍ നിന്നുള്ള സംരക്ഷണമല്ല ഇതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയത്. വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശപ്പെട്ടു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.