കോഴിക്കോട്: ജാതിയും മതവും ജാതകവുമൊക്കെ ഒത്തു വന്നിട്ട് പെണ്ണുകെട്ടാമെന്ന് കരുതി ഇരിക്കുന്നവര്‍ ധാരാളമാണ്. ഇത്തരക്കാര്‍ക്ക് മാതൃകയായി മാറുകയാണ് കോഴിക്കോട്ടെ ഗ്രമപ്രദേശങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട്ടെ ഗ്രാമങ്ങളിലെ 30 ഓളം ചെറുപ്പക്കാരാണ് ഇത്തരത്തില്‍ വിവാഹം കഴിച്ചിരിക്കുന്നത്. കുന്നുമ്മല്‍, നരിപ്പറ്റ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിലാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ജാതി മത ഭേദമന്യേ വിവാഹം നടന്നിരിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ വിവാഹം ചെയ്തു കൊണ്ടുവന്നിരിക്കുന്നത്. കുടക്, ബാവലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് വധുക്കള്‍ ഏറെയും. കാസര്‍ഗോഡ്, വയനാട് ജില്ലാ അതിര്‍ത്തികളിലുള്ള കല്ല്യാണ ബ്രോക്കര്‍മാര്‍ക്ക് 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പ്രതിഫലം. ഇതിന് പുറമേ സ്ത്രീധനമെന്നത് ഇപ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് കൊടുക്കുന്ന പണമായും ഇവിടങ്ങളില്‍ മാറിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസം സമ്പാദിക്കുകയും അവര്‍ക്ക് യോഗ്യരായവരെ മാത്രമേ വിവാഹംകഴിക്കൂ എന്നും നിലപാട് സ്വീകരിക്കുന്നതാണ് വിവാഹ പ്രതിസന്ധിക്ക് കാരണം. വിവാഹിതരാകാന്‍ പ്രായമായ പെണ്‍കുട്ടിയേയും വീട്ടുകാരെയും കാണാന്‍ ഉപ്പളയിലെ ഒരു ക്ഷേത്രത്തിലേയ്ക്കാണ് ചെറുക്കന്റെ വീട്ടുകാര്‍ എത്തുന്നത്. അവിടെവെച്ച് രണ്ടുപേര്‍ക്കും ഇഷ്ടമായെങ്കില്‍ പിന്നെ തുടര്‍ നടപടികള്‍. ഏജന്റ് മുഖാന്തരമാണ് പരിചയപ്പെടല്‍. ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ നാട്ടിലെത്തി വിവാഹം നടത്തിക്കൊടുക്കും. ഈഴവ, വാണിയ, ബ്രാഹ്മണ വിഭാഗത്തിലെ യുവാക്കളാണ് ഇത്തരത്തില്‍ വിവാഹിതരായവരില്‍ ഏറെയും. വധുവിന്റെ ജാതിയും മതവും ഒന്നും ആരും നോക്കാറില്ല.