സാധാരണ ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പ വത്തിക്കാനിലെ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത് മുട്ടയും പഴയങ്ങളും വെണ്ണയും ചേര്‍ത്ത് ഉണ്ടാക്കിയ പനെറ്റോണി ബ്രഡും ഒരു കുപ്പി സ്പുമാന്റെ വൈനുമാണ്. പക്ഷെ, മാര്‍പ്പാപ്പ ഇത്തവണ പരമ്പരാഗത സമ്മാനം മാറ്റിപ്പിടിച്ചിരിക്കുകയാണ്.
കൊവിഡ് കാലത്ത് ക്രിസ്മസ് സമ്മാനവും ഒന്ന് മാറ്റിയേക്കാമെന്ന നിലപാടിലാണ് മാര്‍പാപ്പ. പനിക്കും ജലദോഷത്തിനുമെല്ലാം ഉപയോഗിക്കുന്ന പാരസെറ്റമോള്‍ ആണ് ഇത്തവണ വത്തിക്കാനിലെ 4000 ജീവനക്കാര്‍ക്കു നല്‍കുന്നത്. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്. തണുപ്പും മഴയും കഠിനമായതോടെ റോമില്‍ പനിയും ജലദോഷവുമെല്ലാം വ്യാപകമായി. ഇതിനെ നേരിടാനാണ് മാര്‍പാപ്പയുടെ പ്രത്യേക സമ്മാനം. വത്തിക്കാന്‍ ജീവനക്കാര്‍ക്ക് പരിശുദ്ധ പിതാവിന്റെ സമ്മാനം എന്നെഴുതിയ മരുന്നുപെട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
ഇക്കാര്യം വത്തിക്കാന്‍ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം ജനുവരിയില്‍ ഉണ്ടാവുമെന്നാണ് വിദഗ്ദാഭിപ്രായം. വൈറസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രദേശത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് കടന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ഉപഭോഗപരതയില്‍ നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആലോചിച്ചത്.