കോട്ടയം മറിയപ്പള്ളി പാറമടക്കുളത്തിൽ വീണ ലോറി ഉയർത്തി, ഡ്രൈവർ മരിച്ച നിലയിൽ
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. 18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്. ലോറിയ്ക്കുള്ളിൽ ഡ്രൈവർ അജികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞത്.
മറിയപ്പള്ളിയിലെ വളം ഡിപ്പോയിൽ നിന്നുള്ള ലോഡുമായി ചേപ്പാടേയ്ക്കു പോകുകയായിരുന്നു ലോറി. തിരുവനന്തപുരം സ്വദേശിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇദ്ദേഹം തന്നെയാണ് ഓടിച്ചിരുന്നതും. പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയിൽ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് വാഹനം പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യ തവണ ലോറി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം, ഉച്ചയോടെയാണ് ക്രെയിന്‍ ലോറിയില്‍ ഘടിപ്പിക്കാനായത്. ലോറിയുടെ ചേസില്‍ ഇരുമ്പ് വടം ഘടിപ്പിച്ച ശേഷം രണ്ട് ക്രയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്താനായിരുന്നു ആദ്യ ശ്രമം.