ഭാരത സഭയ്ക്ക് അഭിമാന നിമിഷം; വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ
വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയുള്‍പ്പടെ അഞ്ചുപേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേര്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നാമകരണം നിര്‍വഹിച്ചത്.
വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര്‍ സഹ കാര്‍മികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് സഹകാര്‍മികനായത്. അഞ്ചുപേരില്‍ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും ചടങ്ങില്‍ സംബന്ധിച്ചു.