ഒമ്പത് സെക്കന്റില്‍ ജെയിന്‍ കോറല്‍ കോവും നിലംപതിച്ചു
കൊച്ചി: 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതോടെ ജെയിന്‍ കോറല്‍ കോവ് കെട്ടിട സമുച്ചയവും നിലംപൊത്തി. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പതു സെക്കന്‍ഡില്‍ തകര്‍ന്നുവീണു. 11.30ന് എല്ലാ ചെറിയവഴികളും ഗതാഗതത്തിനായി തുറക്കും. സമീപവാസികള്‍ക്ക് വീടുകളിലേക്കു മടങ്ങാന്‍ അനുവാദം നല്‍കും. ജയിന്‍ കോറല്‍ കോവ് തകര്‍ക്കുക എച്ച്ടുഒ പോലെ തന്നെയെന്നും ജെറ്റ് ഡിമോളിഷന്‍സ് എം.ഡി. ജോ ബ്രിക്മാന്‍ പറഞ്ഞിരുന്നു.
എച്ച്ടുഒ പോലെ തന്നെ അവശിഷ്ടം കായലില്‍ വീഴില്ല, സമീപ കെട്ടിടങ്ങള്‍ക്കു കേടും വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിന്റെ ഭാഗമായി 1.30-ഓടെ പ്രദേശത്തെ എല്ലാ ചെറിയ റോഡുകളും അടയ്ക്കും. തുടര്‍ന്ന് 1.55-ന് ദേശീയപാത അടയ്ക്കുന്നതിനു വേണ്ടിയുള്ള സൈറന്‍ മുഴങ്ങും. രണ്ടിന് ഗോള്‍ഡന്‍ കായലോരം സ്‌ഫോടനത്തിലൂടെ തകര്‍ക്കും. 2.30-ഓടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കും. ഗോള്‍ഡന്‍ കായലോരത്തിനും 51 മീറ്ററാണ് ഉയരം. 16 നിലകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്‌ഫോടനം. 15 കിലോ സ്‌ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. ആറു സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും.