കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടനം ഉപയോഗിക്കില്ലെന്നും യന്ത്രവത്കൃതമായി പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്നും ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ഇതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. എന്നാല്‍, സമീപത്തെ ഒഴിപ്പിക്കല്‍, കുറഞ്ഞ മലിനീകരണം എന്നിവ അനുകൂല ഘടകങ്ങളാണെന്ന് അദ്ദേഹം അറിയിച്ചു.
പൊളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച 15 കമ്പനികളില്‍ പത്തുപേരെ പൊളിക്കല്‍ രീതി അവതരിപ്പിക്കാന്‍ വ്യാഴാഴ്ച നഗരസഭയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. നിയന്ത്രിത സ്‌ഫോടനം മുതല്‍ യന്ത്രമുപയോഗിച്ച് പൊളിക്കല്‍ വരെയാണ് ഇവര്‍ അവതരിപ്പിച്ചത്. ഇതില്‍ ആറ് പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ച് ടവറുകളും പൊളിക്കാന്‍ ഒരു കമ്പനിയെ ഏല്‍പ്പിക്കണോ അതോ വ്യത്യസ്ത കമ്പനികളെ ഏല്‍പ്പിക്കണോ എന്ന് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും.
ഒക്ടോബര്‍ ഒമ്പതുവരെ ഇതിന് സമയമുണ്ടെന്നും സബ് കളക്ടര്‍ അറിയിച്ചു. കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം എന്ന നിലയിലാണ് യന്ത്രമുപയോഗിച്ച പൊളിക്കലിന് മുന്‍ഗണന നല്‍കിയത്. 35-50 മീറ്റര്‍ ഉയരം വരെ ക്രെയിന്‍ എത്തിച്ച് പൊളിക്കും. അതിനു മുകളിലുള്ളത് കൈകൊണ്ട് തന്നെ പൊളിക്കാനാണ് ആലോചിക്കുന്നത്.