മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ നടപടി ആരംഭിച്ചിട്ടും നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങി നടക്കുന്നത് 86 ഫ്‌ളാറ്റുടമകള്‍
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ നടപടി ആരംഭിച്ചിട്ടും നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങി നടക്കുന്നത് 86 ഫ്ളാറ്റുടമകള്‍. രാഷ്ട്രീയക്കാരുടെ ബിനാമികളും കള്ളപ്പണത്തിന് ഫ്‌ളാറ്റ് വാങ്ങിയവരുമാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തവരെന്നാണ് സൂചന. അതേസമയം അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
38 ഫ്‌ളാറ്റുടമകള്‍ക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 107 ഫ്‌ളാറ്റുടമകളുടെ അപേക്ഷകള്‍ ജസ്റ്റിസ് പി.ബാലകൃഷ്ണന്‍ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്ടപരിഹാര വിവരങ്ങള്‍ എന്നിവ പരിശോധിച്ചശേഷം പട്ടിക തയാറാക്കിയ 38 പേര്‍ക്കാണ് ആദ്യം തുക നല്‍കുക. ഫിനാന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേര്‍ക്കായി 19,09,31,943 രൂപയാണ് സമിതി നിര്‍ദേശിച്ചത്.
ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്ന നാലാമത് സമിതി സിറ്റിങ്ങില്‍ 34 പേര്‍ക്കുകൂടി നഷ്ടപരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്കായി 61,58,45,45 രൂപ നല്‍കാനാണ് നിര്‍ദ്ദേശം. ഇതോടെ നഷ്ടപരിഹാരത്തിന് സമിതി ശിപാര്‍ശ ചെയ്ത ഫ്‌ളാറ്റുടമകളുടെ എണ്ണം 141 ആയി. ഇതില്‍ 38 പേര്‍ക്കാണ് പണം അനുവദിക്കപ്പെട്ടത്. ചൊവ്വാഴ്ചവരെ ആകെ ശിപാര്‍ശ ചെയ്ത തുക 25,25,16,488 രൂപയാണ്. ആകെയുള്ള 325 ഫ്‌ളാറ്റുടമകളില്‍ 239 പേരാണ് നഷ്ടപരിഹാരം തേടി കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയെ സമീപിച്ചിരിക്കുന്നത്.