28.9 C
Kottayam
Thursday, May 2, 2024

ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്‍പീക്കര്‍,സംഘപരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രമെന്ന് വി.ഡി.സതീശൻ, പുകഞ്ഞു പൊങ്ങുന്ന വാരിയംകുന്നത്ത് വിവാദം

Must read

തിരുവനന്തപുരം: ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്‍പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയതിന് പിന്നാലെയാണ് രാജേഷിന്‍റെ പ്രതികരണം. വാരിയംകുന്നന്‍റെയും ഭഗത് സിംഗന്‍റെയും മരണത്തില്‍ സമാനതകള്‍ ഏറെയുണ്ട്. ആ സമാനതകളാണ് താന്‍ താരതമ്യം ചെയ്തത്. മുന്നില്‍ നിന്ന് വെടിവെയ്ക്കണമെന്ന് വാരിയംകുന്നന്‍ പറഞ്ഞു. വെടിവെച്ചാല്‍ മതിയെന്ന് പറഞ്ഞ് കത്തയച്ച ആളാണ് ഭഗത് സിംഗ്. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണ്. ചരിത്ര വസ്തുത പറഞ്ഞതിന് താന്‍ എന്തിനാണ് മാപ്പ് പറയുന്നതെന്നും എം ബി രാജേഷ് ചോദിച്ചു.

മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ എം ബി രാജേഷിന്‍റെ പരാമര്‍ശം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്ല്യമാണെന്നും ആയിരുന്നു എം ബി രാജേഷിന്‍റെ പരാമര്‍ശം.

മലബാര്‍ കലാപത്തിന്‍റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. ജയിലിൽ നിന്ന് മോചിതനാവാൻ ആറ് മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‍ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നത്.

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനിൽപ്പുകളും, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറു അരുവികൾ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്. അന്ന് ബ്രിട്ടീഷിന്റെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സർക്കാരിന്റെ രേഖകൾ മുഴുവൻ ബ്രിട്ടീഷ് സർക്കാർ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സർക്കാർ ബ്രിട്ടീഷ് സർക്കാർ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week