നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; നാലിടത്ത് നോട്ടീസുകള്‍ പതിച്ചു
മലപ്പുറം: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പോത്തുകല്‍ മുണ്ടേരി ഫാമിലും തണ്ടംങ്കല്ല് കോളനിയിലുമാണ് ഒരു സ്ത്രീയടക്കം ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മുണ്ടേരി ഫാമിലുമെത്തിയ ഇവര്‍ പുലര്‍ച്ചേ രണ്ട് വരെ അവിടെ ചെലവഴിച്ചു. കോളനിക്കാരോട് വിവരങ്ങള്‍ ചോദിച്ചറഞ്ഞ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ നാലിടങ്ങളില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട വിവിധ കോളനികളിലെ ആദിവാസികള്‍ക്ക് വീടും സ്ഥലവും നല്‍കണമെന്ന് പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെതാണ് പോസ്റ്റര്‍. മുഴുവന്‍ ആദിവാസികള്‍ക്കും ദുരിതാശ്വാസ സഹായം നല്‍കുക, തൊഴില്‍ രഹിതരായ ആദിവാസികള്‍ക്ക് മുണ്ടേരി ഫാമില്‍ തൊഴില്‍ നല്‍കുക എന്നീ ആവിശ്യങ്ങളും പോസ്റ്ററിലുണ്ട്.
ഇതേ ആവശ്യങ്ങള്‍ എഴുതി തയാറാക്കിയ കത്ത് അധികാരികള്‍ക്ക് നല്‍കാന്‍ വേണ്ടി കൊളനിക്കാരെ ഏല്‍പ്പിക്കുകയും ചെയ്തു. സാക്ഷികളുടെ സഹായത്തോടെ മാവോയിസ്റ്റ് സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. നാടുകാണി ദളത്തിലെ അംഗങ്ങളായ ജിഷ, സോമന്‍, സന്തോഷ്, യോഗേഷ് എന്നിവരാണ് എത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മാവോയിസ്റ്റ് സംഘമെത്തിയ പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന നടത്തി. സംഭവത്തില്‍ പോത്തുകല്‍ പോലീസ് കേസെടുത്തു