കടുത്ത വേദന മൂലം കാല്‍ അനക്കാന്‍ വയ്യ, നട്ടെല്ലിന് സര്‍ജറി വേണ്ടി വരരുതേ എന്നാണ് പ്രാര്‍ത്ഥന; ദുരന്താനുഭവത്തെ കുറിച്ച് മന്യ
മലയാളികളുടെ പ്രിയതാരമാണ് മന്യ. ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് മന്യ മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ നിരവധി സിനിമകളില്‍ അഭിനയിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത മന്യ അമേരിക്കയിലാണ് ഭര്‍ത്താവിനോടും മകളോടുമൊപ്പം ഇപ്പോള്‍ താമസിക്കുന്നത്.
അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി നോക്കുന്ന മന്യ ഇപ്പോള്‍ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് എന്ന അടിക്കുറിപ്പോെടയായിരുന്നു മന്യ തനിക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് തുറന്നെഴുതിയത്.
‘മൂന്നാഴ്ച മുമ്പ്, എനിക്കൊരു പരുക്കു പറ്റി. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്‌കാനിങ്ങില്‍ മനസ്സിലായി. അതെന്റെ ഇടതു കാലിനെ എതാണ്ട് പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ഷനെടുത്തു. ഈ സെല്‍ഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.
മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.
വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷേ പൊരുതുക. തോറ്റു കൊടുക്കരുത്.” താരം കുറിച്ചു.