
മുംബൈ:ട്വിറ്റർ (എക്സ്) ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ തങ്ങളുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെടുന്നതായി പരാതി. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഡിപി മാറ്റിയതിനെ തുടർന്ന് ചില ബിജെപി നേതാക്കളുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. ചില തെറ്റായ കാരണങ്ങളാലും ഉപഭോക്താക്കൾ പ്രൊഫൈലിൽ മാറ്റം വരുത്തുന്നതിനാലും ഇങ്ങനെ സംഭവിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപി ദേശീയ വക്താവ് സംബിത് പത്ര, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരാണ് ട്വിറ്ററിൽ ബ്ലൂടിക്ക് നഷ്ടപ്പെട്ടവരിൽ പ്രമുഖർ. തങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റിയത് മൂലമാണ് ബ്ലൂടിക്ക് നഷ്ടപ്പെടുന്നത് എന്നാണ് വിഷയത്തിൽ ട്വിറ്റർ നൽകുന്ന വിശദീകരണം. പ്രൊഫൈലിൽ നടത്തുന്ന പല മാറ്റങ്ങളും ഇങ്ങനെ ബ്ലൂടിക്കിനെ ബാധിച്ചേക്കാം. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഡിപിയിൽ ദേശീയ പതാകയുടെ ചിത്രം പോസ്റ്റ് ചെയ്തോടെയാണ് നേതാക്കളുടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടത്.

പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് എല്ലാവരും സോഷ്യൽ മീഡിയകളിലെ ഡിപിയിൽ ദേശീയ പതാകയുടെ ചിത്രം നൽകിയത്. എന്നാൽ ഇതേ തുടർന്ന് നിരവധി പേരുടെ ട്വിറ്ററിലെ ബ്ലൂടിക്ക് നഷ്ടമായി എന്നാണ് വിവധ റിപ്പോർട്ടികൾ പറയുന്നത്. “#HarGharTiranga പ്രസ്ഥാനത്തിന്റെ ആവേശത്തിൽ, നമുക്ക് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ ശ്രമത്തിന് പിന്തുണ നൽകാം.” എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
ബ്ലൂടിക്ക് നഷ്ടപ്പെട്ടവരിൽ പലരും പണം നൽകി ട്വിറ്ററിന്റെ സബ്സ്ക്രിപ്ഷൻ വാങ്ങിയവർ ആയിരുന്നു. നിലവിൽ മൂന്ന് തരത്തിലുള്ള സബ്സ്ക്രിപ്ഷൻ ആണ് ട്വിറ്റർ ഉപഭോക്താക്കൾക്ക് നൽകുന്നത്. ബ്ലൂ ടിക്കുകൾ ട്വിറ്റർ പ്രീമിയം വരിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഗോൾഡ് ടിക്കുകൾ ആകട്ടെ ചില ഔദ്യോഗിക സ്ഥാപനങ്ങൾക്ക് ഉള്ളതാണ്. ഗ്രേ ടിക്കുകൾ ആകട്ടെ സർക്കാർ ഉദ്യോഗസ്ഥരെ, ഏജൻസികളെ പ്രതിനിധീകരിക്കുന്നതും.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തുടങ്ങിയവരും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ പെടുന്നു. ട്വിറ്ററിന്റെ പല സേവനങ്ങളും പൂർണ്ണമായും ആസ്വദിക്കണമെങ്കിൽ ബ്ലൂ ടിക്ക് അനിവാര്യമാണ്. അല്ലാത്തപക്ഷം പരിമിതമായ സേവനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കു. ആയതിനാൽ തന്നെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവർക്ക് നിരാശയും സാമ്പത്തികമായും നഷ്ടവും സംഭവിച്ചിട്ടുണ്ട്.
ആധികാരിക പേരുകളും പ്രൊഫൈൽ ചിത്രങ്ങളും നൽകിയാൽ മാത്രമാണ് അക്കൗണ്ട് സ്ഥിരീകരിക്കുന്നു എന്നാണ് സബ്സ്ക്രിപ്ഷനെക്കുറിച്ചുള്ള ട്വിറ്ററിന്റെ ബ്ലോഗിൽ പറയുന്നത്. ഇവയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ഇത് ബ്ലൂ ടിക്കിനെ ബാധിക്കുമെന്നും ബ്ലോഗ് പറയുന്നു. എന്നാൽ ഈ നടപടി താൽക്കാലികം ആണെന്നും അക്കൗണ്ട് എല്ലാ ആവശ്യകതകളും പാലിക്കുകയാണെങ്കിൽ സ്ഥിരീകരണ ടിക്ക് വീണ്ടും ദൃശ്യമാകുമെന്നും ഇതിൽ പറയുന്നുണ്ട്. ആയതിനാൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ട ഉപഭോക്താക്കൾ നിരാശപ്പെടേണ്ടതില്ല.
ഈ അടുത്തിടയ്ക്കാണ് പണം നൽകി സബ്സ്ക്രിപ്ഷൻ നൽകുന്ന നയത്തിന് ട്വിറ്റർ രൂപം നൽകിയത്. ഇതേ തുടർന്ന് പണം നൽകുന്ന ഏതൊരു ജനുവിൻ അക്കൗണ്ടിനും സബ്സ്ക്രിപ്ഷൻ നൽകാൻ ട്വിറ്ററിൽ തീരുമാനം ആയി. ഫോണിൽ ട്വിറ്ററിന്റെ സബ്സ്ക്രിപ്ഷൻ ഒരു മാസം ആസ്വദിക്കാൻ 900 രൂപയും ഡെസ്ക്ടോപ് വേർഷന് 650 രൂപയും ആണ് സബ്സ്ക്രിപ്ഷൻ ചാർജ് ആയി ട്വിറ്റർ വാങ്ങുന്നത്.
ട്വിറ്റർ ഈ നയം നടപ്പിലാക്കിയതിന് പിന്നാലെ നിരവധി പേര് ഇത്തരത്തിൽ പണം നൽകി ബ്ലൂ ടിക്ക് വാങ്ങിയിരുന്നു. അതേ സമയം ട്വിറ്റിലെ പരസ്യ വരുമാനത്തിലൂടെ ഉപഭോക്താക്കൾ പണം നൽകുന്ന പദ്ധതി അടുത്തിടയ്ക്കാണ് ട്വിറ്റർ നടപ്പിലാക്കിയത്. കഴിഞ്ഞ മാസം ഈ പദ്ധതി പല സ്ഥലങ്ങളിലും ആരംഭിച്ചെങ്കിലും ഇന്ത്യയിൽ അടുത്തിടെയാണ് ഇതിനുള്ള നടപടികൾ പൂർത്തിയായത്. ഇപ്പോൾ നിരവധി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ട്വിറ്റർ വഴി പണം ലഭിക്കുന്നുണ്ട്.
ഉപഭോക്താക്കൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളുടെ അടിയിൽ വരുന്ന കമന്റുകൾക്ക് ഇടയിൽ ചില പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. ഈ പരസ്യങ്ങളിൽ നിന്ന് ട്വിറ്ററിന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് ട്വീറ്റ് പോസ്റ്റ് ചെയ്ത ഉപഭോക്താവിന് നൽകുന്നു. ഇതാണ് ട്വിറ്ററിലെ പരസ്യ വരുമാനത്തിന്റെ അടിസ്ഥാനം. എന്നാൽ ബ്ലൂ ടിക്ക് ഉള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ഇങ്ങനെ പണം സമ്പാദിക്കാൻ സാധിക്കു.