
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇഡി ഓഫീസിലേക്ക് മാർച്ച് ചെയ്ത എല്ലാ പ്രവർത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സി വേണുഗോപാൽ എംപി, രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇഡി ഓഫീസിന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു.
കെസിക്ക് വെള്ളം കൊടുക്കാൻ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ദില്ലി പൊലീസ് അതൊന്നും കേൾക്കാതെ കെ സി വേണുഗോപാലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. കൊവിഡ് ബാധിതനായിരുന്നു കെ സി വേണുഗോപാൽ. കൊവിഡ് നെഗറ്റീവായി രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ സി വേണുഗോപാലിന്‍റെ ഷർട്ടും മാസ്കുമെല്ലാം കീറിയ നിലയിലായിരുന്നു.
കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്. അറസ്റ്റിലായ കെ സി വേണുഗോപാൽ അവശനാണ്. അദ്ദേഹത്തെ ഡോക്ടർമാരെത്തി പരിശോധിക്കുന്നുമുണ്ട്.
തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് പെരുമാറിയത് എന്ന് ഡീൻ കുര്യാക്കോസ് എം പി ആരോപിക്കുന്നു. കെ സി വേണുഗോപാലിനെ ബസ്സിലേക്ക് പൊലീസ് വലിച്ചിഴച്ചുകയറ്റി ചവിട്ടി. കെ സി വേണുഗോപാൽ രണ്ട് ദിവസം മുമ്പാണ് കൊവിഡ് മുക്തനായത്. മോദി ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിക്കുന്നുവെന്നും ഡീൻ ആരോപിക്കുന്നു.
എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുൽ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാർ ഉൾപ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പോലീസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്. തുടർന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും അവിടെ നിന്ന് കാൽ നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു. ഇന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ ഉണ്ടാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗംചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.