NationalNews

നഗ്നയാക്കി നൃത്തം ചവിട്ടിച്ചു, തള്ളിയിട്ടു, മണിപ്പൂരിൽ അതിക്രമത്തിനിരയാക്കിയത് കാർഗിൽ യുദ്ധവീരൻ്റെ ഭാര്യയെ

ഗുവാഹത്തി: മണിപ്പൂരിൽ ആക്രമികൾ ന​ഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അക്രമത്തിനിരയായ 42കാരിയാണ് കർ​ഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്.

കലാപത്തിൽ വീട് അക്രമികൾ തീയിട്ട് നശിപ്പിച്ചതിനാൽ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരിപ്പോൾ കഴിയുന്നത്. ”ജീവിതത്തിൽ ഇതുവരെ നേടിയ സമ്പാദ്യവും അന്തസും അഭിമാനവുമെല്ലാം നഷ്ടമായെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

പൊതുമധ്യത്തിൽ അക്രമികളായ ആൾക്കൂട്ടം തോക്കിൻ മുനയിൽ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കുകയും തള്ളിയിടുകയും നടത്തിക്കുകയും ചെയ്തു. വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്”- സൈനികന്റെ 42 കാരിയായ ഭാര്യ പറഞ്ഞു.

സംഭവ ശേഷം ഭാര്യ  കടുത്ത മാനസിക സമ്മർദ്ദം നേരിടുകയും വിഷാദത്തിലേക്ക് പോകുകയും ചെയ്തെന്ന് സൈനികൻ പറഞ്ഞു. കാർഗിൽ യുദ്ധമുന്നണിയിൽ യുദ്ധം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ എന്റെ സ്വന്തം നാട് യുദ്ധക്കളത്തേക്കാൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 3, 4 തീയതികളിലായി ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം പ്രദേശത്തെ ഒമ്പതോളം ഗ്രാമങ്ങളിൽ റെയ്ഡ് നടത്തുകയും വീടുകളും  പള്ളിയും കത്തിക്കുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. മെയ് 4 ന് അവർ ഞങ്ങളുടെ ഗ്രാമത്തിൽ വന്നു. വീടുകൾ കത്തിക്കാൻ തുടങ്ങിയപ്പോൾ ​ഗ്രാമവാസികളെല്ലാം പ്രാണനും കൊണ്ടോടി.

എന്റെ ഭാര്യയും ഞാനും രണ്ടുവഴിക്കായി. അവളും മറ്റ് നാല് പേരും കാട്ടിലെ ഒരു മരത്തിന് പിന്നിൽ ഒളിച്ചു. അക്രമികളിൽ ചിലരും കാട്ടിലെത്തി. ഭാര്യയെയും മറ്റുള്ളവരെയും അക്രമികൾ കണ്ടുപിടിച്ചെന്നും ഇദ്ദേഹം പറഞ്ഞു. 

മറ്റൊരു യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുപിതാവിനെയും സഹോദരനെയും അക്രമികൾ കൊലപ്പെടുത്തി. ഭാര്യയും കുറച്ച് പേരും സമീപത്തെ പൊലീസ് വാഹനത്തിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അക്രമികൾ അവരെ വാഹനത്തിൽ നിന്ന് വലിച്ചിഴച്ചു.

അവർ എന്റെ ഭാര്യയെയും മറ്റ് നാല് പേരെയും കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു. മൂന്ന് സ്ത്രീകളും വസ്ത്രമഴിക്കാൻ നിർബന്ധിതരായി. കൈക്കുഞ്ഞുള്ള യുവതിയെ അവർ പോകാൻ അനുവദിച്ചു. മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ അച്ഛനും ഇളയ സഹോദരനും എതിർത്തു.

അവരെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊലപ്പെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു. ഈ പെൺകുട്ടിയെ പിന്നീട് പകൽ വെളിച്ചത്തിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഞാൻ എന്റെ ഭാര്യയുമായി ഒരു നാഗ ഗ്രാമത്തിൽ എത്തി. പീഡനത്തിനിരയായ പെൺകുട്ടിയെ അവളുടെ കാമുകൻ കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker