മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ നിര്‍മ്മാതാവ്,തീപാറുന്ന സ്മാഷുകളുതിര്‍ക്കുന്ന വോളിതാരം,മാണിയുടെ ഭൂരിപക്ഷം കുത്തനെ ഇടിച്ച കരുത്തന്‍,പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പനെ അറിയാം
കോട്ടയം:മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ നിര്‍മ്മാതാവാണ് മാണി .സി.കാപ്പന്‍.ഒ.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിന്നെയും നിരവധി ചിത്രങ്ങള്‍ എല്ലാം തീയേറ്ററുകളെ ഇളക്കി മറിച്ചു. എന്നാല്‍ സിനിമയിലെ വിജയം കാപ്പന് പാലാക്കാര്‍ രാഷ്ട്രീയത്തില്‍ നല്‍കിയില്ല.കെ.എം.മാണിയെന്ന വടവൃക്ഷത്തോട് എല്ലാം അങ്കത്തിലും തോല്‍ക്കാനായിരുന്നു നിയോഗം.എന്നാല്‍ പതിനായിരങ്ങളില്‍ നിന്നും അയ്യായിരത്തിനു താഴത്തേക്ക് ഭൂരിപക്ഷം എത്തിയ്ക്കാനായത് കാപ്പന്റെ വലിയ വിജയമായി വിലയിരുത്തപ്പെട്ടു. അതുകൊണ്ടു തന്നെ മാണിയില്ലാത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് മറ്റൊരാളേക്കുറിച്ച് ആലോചിയ്‌ക്കേണ്ടിപോലും വന്നില്ല.
പാലായിലെ അതികായന്‍മാരിലൊരാളായിരുന്നു മാണി സി.കാപ്പന്റെ പിതാവ്
ചെറിയാന്‍.സി കാപ്പന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്രസമര സേനാനി കൂടിയായ ചെറിയാന്‍ മൂവാറ്റുപുഴ എം.പിയും തിരുക്കൊച്ചി നിയമസഭാംഗവുമൊക്കെയായിരുന്നു. എന്നാല്‍ മാണി സി കാപ്പന്റെ രാഷ്ട്രീയ പ്രവേശനം ഏറെ വൈകിയായിരുന്നു.
മികച്ച വോളിബോള്‍ താരമായ മാണി .സി കാപ്പന് വിദ്യാഭ്യാസ കാലത്ത് കായികരംഗത്തോട് തന്നെയായിരുന്നു താല്‍പ്പര്യം.വോളിബോള്‍ ഇതിഹാസമായ ജിമ്മിജോര്‍ജ് പാലാ സെന്റ് തോമസ് കോളേജില്‍ പഠിച്ചിരുന്നതിനാല്‍ തന്റെ സാധ്യതകള്‍ കുറയുമെന്ന് തിരിച്ചറിഞ്ഞ് തട്ടകം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലേക്ക് പഠനം മാറ്റി.മിന്നും കളിയിലൂടെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിയ്ക്കുമ്പോള്‍തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലെത്തി.മാടപ്പള്ള ഗവണ്‍മെന്റ് കോളേജിലെ ബിരുദപഠന കാലത്തും ലഹരി വോളി തന്നെയായിരുന്നു.യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്ടനായ കാപ്പന്‍ കേരള ടീമിലും കെ.എസ്.ഇ.ബി ടീമിലും കളിച്ചു.അബുദാബി ലീഗില്‍ സാക്ഷാല്‍ ജിമ്മി ജോര്‍ജിനൊപ്പം കളിയ്ക്കാനും കാപ്പന് നിയോഗം ലഭിച്ചു.
വോളിബോളില്‍ ജീവിച്ച പഠനകാലത്തിനുശേഷം കൃഷിയിലായിരുന്നു കാപ്പന് കമ്പം.അവിടെയും മോശമായില്ല. തൊണ്ണൂറുകളിലായിരുന്നു സിനിമാ രംഗത്തേക്കുള്ള കാപ്പന്റെ പ്രവേശനം.മേലേപ്പറമ്പില്‍ആണ്‍വീടടക്കം എണ്ണം പറഞ്ഞ 12 സിനിമകള്‍.സിദ്ധിഖ് ലാല്‍ യുഗത്തിന് തുടക്കംകുറിച്ച റാംജിറാവുവിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിംഗ് സംവിധാനം ചെയ്യുകയും ചെയ്തു.25 സിനിമകളില്‍ അഭിനയിച്ചു.
1995 ല്‍ കോണ്‍ഗ്രസ്.എസിലൂടെയായിരുന്നു രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം.പിന്നീട് എന്‍.സി.പിയിലെത്തി.ദീര്‍ഘനാള്‍ സംസ്ഥാന ഖജാന്‍ജിയായി.ഇപ്പോള്‍ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗം.2006 ലും 11 ലും 16 ലും കെ.എം.മാണിയ്‌ക്കെതിരെ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.കേരളത്തിലെ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കാലയവനികയില്‍ മറഞ്ഞശേഷം പാലായില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ കേരള കോണ്‍ഗ്രസ് വലയുമ്പോള്‍ ഇത്തവണം വിജയം തന്നോടൊപ്പമാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.