റിയാദ്: ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി അറേബ്യ. പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാം. ഷൂസോ പാദരക്ഷയോ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. വനിത ഡ്രെെവർമാർക്കുള്ള യുണിഫോമിൽ മാറ്റം ഉണ്ട്.
ഓപ്ഷനലായി യൂണിഫോമായി അബായ ഉപയോഗിക്കാവുന്നതാണ്. ഏപ്രിൽ 27മുതലാണ് നിയമം നിലവിൽ വരുന്നത്. ഗതാഗത മേഖലയിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും.
എല്ലാവിധ ബസ് സർവീസുകൾക്കും നിയമം ബാധകമാണ്. പുരുഷൻമാർക്ക് ഷൂസോ പാദരക്ഷയോ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. ശിരോവസ്ത്രം, അല്ലെങ്കിൽ തൊപ്പി എന്നിവ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുന്നവർ കറുപ്പ് നിറത്തിലുള്ളവ മാത്രം ധരിക്കണം. തോബ് ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്‍റസും കറുത്ത ബെൽറ്റും കറുത്ത ഷൂസുമാണ് യൂണിഫോമായി ധരിക്കേണ്ടത്.
വനിതാ ഡ്രൈവർമാർക്ക് അംഗീകൃത യൂണിഫോമിൽ ബൂട്ടുകളോ ഷൂകളോ ഉള്ള അബായ ധരിക്കാനുള്ള ഓപ്ഷനുണ്ട്. കൂടാതെ ഓപ്ഷണലായി ശിരോവസ്ത്രമോ കറുത്ത തൊപ്പിയോ ധരിക്കാം. നിർബന്ധിത യൂണിഫോമിൽ നീളൻ കൈയുള്ള നീല ഷർട്ട്, കറുത്ത ട്രൗസർ, ബ്ലാക്ക് ബെൽറ്റ്, കറുത്ത ബൂട്ട് എന്നിവ ഉൾപ്പെടുന്നു. യൂണിഫോമിന് പുറമെ ഡ്രൈവർക്ക് ജാക്കറ്റോ കോട്ടോ ഉപയോഗിക്കാൻ സാധിക്കും.
ഡ്രൈവർമാർ കഴുത്തിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവർ കാർഡ് നമ്പറും സ്ഥാപനത്തിന്റെ പേരും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണം. എജ്യുക്കേഷനൽ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള വ്യക്തമായ തിരിച്ചറിയൽ കാർഡ് കെെവശം സുക്ഷിക്കണം.
മേഖലയിലയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായാണ് ഈ നീക്കം. ഡ്രൈവർമാരുടെ രൂപഭാവം നിലവാരം പുലർത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.