കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ദന്തല്‍ സ്റ്റുഡന്റിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനില്‍ നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധന്‍. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി വാങ്ങാവുന്ന, ലൈസന്‍സ് ലഭിക്കുന്ന തോക്കാണിത്. കണ്ണൂരില്‍ ധാരാളം പട്ടാളക്കാര്‍ ഉള്ള സ്ഥലമായതിനാലാണ് ഇതിനുള്ള സാധ്യത.
ഉയര്‍ന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബര്‍ പിസ്റ്റളാണ് രഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. സാധാരണഗതിയില്‍ വിപണിയില്‍ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയില്‍ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാകുന്നത്.
ചൈനീസ് പിസ്റ്റളില്‍ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാല്‍ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പിടി ഒഴികെയുള്ള കുഴലും പിസ്റ്റള്‍ ഭാഗവും കമ്പനി മെയ്ഡാണ് എന്നാണ് മനസിലാകുന്നത്. അതുകൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാല്‍ മാറിയതാകാനാണ് സാധ്യത. എന്നാല്‍ തോക്ക് നേരില്‍ കണ്ടാല്‍ മാത്രമേ കൃത്യമായി മനസിലാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
മാനസയെ വധിക്കുന്നതിനായി മനപ്പൂര്‍വം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പഴയ തോക്കായതിനാല്‍ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്. ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസന്‍സ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പോലീസ് പറയുന്നു.