NationalNews

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി;അറസ്റ്റ് ഉടൻ

ന്യൂഡൽഹി: ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ സഹയാത്രികക്ക് നേരെ  അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖർ മിശ്രയെന്ന് ഡൽഹി പൊലീസ്. ഇയാളെ ഉടൻ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍  ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കർണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്. 

വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത യാത്രക്കാരനെ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി. സഹയാത്രികയെ അങ്ങേയറ്റം ദുരിതത്തിലാക്കിയ യാത്രക്കാരന്റെ പെരുമാറ്റം എയർ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ കേസിൽ ഇതിനകം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വിശദമാക്കിയിരുന്നു. എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത വനിത എയര്‍ ഇന്ത്യ വിമാനത്തില്‍ നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഗുരുതര പരാതിയുമായി രം​ഗത്തെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ക്യാബിന്‍ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറി. വളരെ മോശം അനുഭവത്തില്‍ കൂടി കടന്നുപോയിട്ടും വിമാനത്തിലെ ജീവനക്കാര്‍ തന്നോട് സഹകരിച്ചില്ലെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. ലൈറ്റുകള്‍ ഓഫായതിന് പിന്നാലെ  സഹയാത്രികന്‍ തന്‍റെ സീറ്റിനടുത്തേക്ക് നടന്ന് വരികയും പാന്‍റ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ആയിരുന്നെന്നാണ് പരാതി.

മദ്യപിച്ച് ലക്കുകെട്ട് അവസ്ഥയിലായിരുന്നു ഇയാളെന്നും കത്ത് വിശദമാക്കുന്നു. മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങള്‍ സ്ത്രീയ്ക്ക് നേരെ പ്രദര്‍ശിപ്പിക്കാനും ഇയാള്‍ മടി കാണിച്ചില്ലെന്നും കത്തില്‍ പരാതിക്കാരി പറയുന്നു.  പരാതിക്കാരിയുടെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായിയെന്നും യാത്രക്കാരി പറയുന്നു. യാത്രക്കാരി ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാള്‍ സീറ്റിനടുത്ത് നിന്ന് മാറാന്‍ പോലും തയ്യാറായത്. ക്യാബിന്‍ ക്രൂ യാത്രക്കാരിക്ക് വസ്ത്രം നല്‍കിയ മൂത്രമായ സീറ്റില്‍ വയ്ക്കാന്‍ ഒരു ഷീറ്റും നല്‍കിയെന്നും പരാതിക്കാരി പറയുന്നു. എയർ ഇന്ത്യ വിമാനത്തിൽ മുതിർന്ന പൗരയെ അപമാനിച്ച സംഭവത്തില്‍ യാത്രക്കാരനെതിരെ കേസ് എടുത്തെന്ന് ഡൽഹി പൊലീസ് വിശദമാക്കി. നവംബർ 26നാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ പരാതി നൽകിയത് ഡിസംബർ 28ന് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker