പാര്‍സലിന് 40 പൈസ അധികം ഈടാക്കി; പരാതി നല്‍കിയ ഉപഭോക്താവിന് 4000 രൂപ പിഴയിട്ട് കോടതി
ബംഗളൂരു: ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് റെസ്റ്റോറന്റിനെതിരെ ഹര്‍ജി നല്‍കിയ ഉപഭോക്താവിന് 4000 രൂപ പിഴയിട്ട് കോടതി.
ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് ഉപഭോക്തൃ കോടതി പിഴ വിധിച്ചത്. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹര്‍ജിക്കാരന് പിഴയിട്ടത്.
2021 മേയ് 21-ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങി. 265 രൂപയുടെ ബില്ലാണ് നല്‍കിയത്. നിരക്ക് 264.60 രൂപയായിരുന്നു. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ റെസ്റ്റോറന്റിനെതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി.
ഒരു രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സംഭവം മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ നിയമപ്രകാരം 50 പൈസയില്‍ മുകളിലുള്ള തുക ഒരു രൂപയാക്കാമെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പരാതിക്കാരന് 4000 രൂപ പിഴ വിധിച്ചത്. 30 ദിവസത്തിനകം 2000 രൂപ റെസ്റ്റോറന്റിനും 2000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് നിര്‍ദേശം.