റിയോ ഡി ജനീറോ: വിവാഹ ബന്ധത്തില്‍ നിന്നു പങ്കാളികളിളുടെ പിന്മാറ്റത്തെ തുടര്‍ന്ന് പല തരത്തിലുള്ള പ്രതികാര വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ കൗതുകകരമായ ഒരു പ്രതികാര വാര്‍ത്തയാണ് ബ്രസീലില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്. പ്രതിശ്രുത വധു ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് സ്വയം വിവാഹം കഴിച്ചായിരുന്നു യുവാവിന്റെ മധുര പ്രതികാരം. ആഘോഷപൂര്‍വമായി നടത്തിയ ചടങ്ങിലാണ് യുവാവ് തന്നെത്തന്നെ വിവാഹം കഴിച്ചത്.
ഡോക്ടര്‍മാരായ ഡിയോഗോ റബേലോയും വിറ്റര്‍ ബ്യൂണോയും തമ്മിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കഴിഞ്ഞ മാസമായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ബ്യൂണോ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ഈ ഒരു സാഹചര്യത്തില്‍ വിവാഹ ചടങ്ങ് മാറ്റിവെയ്ക്കുന്നതിന് പകരം വിവാഹം എന്ന തീരുമാനത്തിലേയ്ക്ക് തന്നെ ഡിയോഗോ നീങ്ങുകയായിരുന്നു. തുടര്‍ന്ന 33 കാരനായ ഡിയോഗോ ആഘോഷപൂര്‍വമായ ചടങ്ങില്‍ സ്വയം വിവാഹം കഴിച്ചു.
ബ്രസീലിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ബഹിയയിലെ ഇറ്റാകെയറിലെ ഒരു ആഢംബര റിസോര്‍ട്ടില്‍വെച്ച് ഒക്‌ടോബര്‍ 17 നായിരുന്നു ഫാന്‍സി വിവാഹ പാര്‍ട്ടി നടത്തിയത്. കൊവിഡ് പ്രതിസന്ധിയില്‍ 40 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്ന് എന്ന് ഡിയോഗോ വിശേഷിപ്പിച്ചു.