കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 22 വര്‍ഷം കഠിനതടവ്. കേസിലെ മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പറവൂര്‍ വടക്കേക്കര കോവില്‍ റോഡ് പ്ലാക്കല്‍ വീട്ടില്‍ സിബിനെയാണ് (33) എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് ശിക്ഷിച്ചത്.
രണ്ടുമുതല്‍ നാലുവരെ പ്രതികളായ വടക്കേക്കര തെക്കിനേടത്ത് വീട്ടില്‍ ഷെറിന്‍ (41), തൈക്കൂട്ടത്തില്‍ വീട്ടില്‍ രാജേഷ് എന്ന കുട്ടന്‍ മണി (41), മണ്ണംകുഴിയില്‍ വീട്ടില്‍ സജിത് (41) എന്നിവരെയാണ് വെറുതെ വിട്ടത്. 22 വര്‍ഷം കഠിന തടവിന് പുറമെ 50,000 രൂപ പിഴ അടക്കാനും കോടതിയുടെ നിര്‍ദേശമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണം. മൂന്ന് വകുപ്പിലായി 22 വര്‍ഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 12 വര്‍ഷം അനുഭവിച്ചാല്‍ മതിയാവും.
പത്താം ക്ലാസ് മുതല്‍ പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ബന്ധം തുടര്‍ന്നു. ഇതിനിടെ, പെണ്‍കുട്ടി അറിയാതെ പ്രതി മറ്റൊരു വിവാഹം കഴിച്ചു. ഇത് മറച്ചുവെച്ച് 2012ല്‍ 23 വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്, ഒളിവില്‍ കഴിയുന്ന റോജോ എന്ന പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നാണ് കേസ്. 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ പരിശോധിച്ചുമാണ് കോടതി പ്രതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.