അടൂര്‍: സ്‌കൂട്ടറില്‍ നിന്ന് തലയിടിച്ചു വീണ യുവാവിനെ സുഹൃത്തിന്റെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പട്ടൂര്‍ വള്ളിക്കോട് പുത്തന്‍വീട്ടില്‍ സുധീഷാ(26)ണ് മരിച്ചത്. സുഹൃത്തിന്റെ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കൈപ്പട്ടൂര്‍ സ്വദേശി വിജിത്തിനൊപ്പം അടൂര്‍ ചിരണിക്കല്‍ ലക്ഷം വീട് കോളനിയിലേക്കു വരുമ്പോള്‍ ബുധനാഴ്ച രാത്രി പത്തരയോടെ പത്തനംതിട്ട-അടൂര്‍ റോഡില്‍ ആനന്ദപ്പള്ളി റോഡില്‍ പന്നിവിഴ സെന്റ് ജോണ്‍സ് സ്‌കൂളിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. തലയിടിച്ചാണ് സുധീഷ് വീണത്. വിവരമറിയിച്ചപ്പോള്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ കാറുമായി വന്നു.
ഇതില്‍ ഒരാള്‍ സ്‌കൂട്ടര്‍ എടുത്തു. വിജിത്തും സുധീഷും കാറില്‍ വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിനിടെ സുധീഷ് ഛര്‍ദിച്ചിരുന്നു. വീടിന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് സുഹൃത്തുക്കള്‍ അതിലാണ് ഉറങ്ങിയത്.
ഇന്നലെ രാവിലെ ആറുമണിയോടെ മറ്റുള്ളവര്‍ എണീറ്റ് നോക്കിയപ്പോഴാണ് സുധീഷ് ചലനമറ്റു കിടക്കുന്നത് കണ്ടത്. മൂക്കിലൂടെ ചോര ഒഴുകിയിറങ്ങിയിരുന്നു. ഉടന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കും.