വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിലെ ചാൾസ്കൗണ്ടിയിൽ 49-കാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പോംഫ്രേറ്റിലെ ബ്ലോക്ക് 5500-ൽ താമസിക്കുന്ന ഡേവിഡ് റിസ്റ്റൺ എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 125-ഓളം പാമ്പുകളെയും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡേവിഡിനെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. ഡേവിഡിനെ പുറത്തേക്ക് കാണാത്തതിനാൽ അയൽക്കാരൻ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് തറയിൽ കിടക്കുന്നനിലയിൽ ഡേവിഡിനെ കണ്ടെത്തിയത്. ഉടൻതന്നെ അയൽക്കാരൻ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, ഡേവിഡിന്റെ മൃതദേഹത്തിന് സമീപത്തായി നിരവധി പാമ്പുകളെ കണ്ടത് പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. വിഷമേറിയ മൂർഖൻ പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും അടക്കം നൂറിലേറെ പാമ്പുകളാണ് വീട്ടിൽ ഇഴഞ്ഞുനീങ്ങിയിരുന്നത്. ഇവയെയെല്ലാം രഹസ്യമായി വളർത്തിയിരുന്നവയാണെന്നാണ് പോലീസിന്റെ നിഗമനം. 49-കാരന്റെ മരണത്തിൽ മറ്റുദുരൂഹതകളില്ലെന്നും പാമ്പ് കടിച്ചല്ല മരണം സംഭവിച്ചതെന്നും പോലീസ് പറയുന്നു.
ഡേവിഡ് ഇത്രയധികം പാമ്പുകളെ വീട്ടിൽ വളർത്തിയിരുന്ന വിവരം അയൽക്കാരോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. പാമ്പുകളെയെല്ലാം ഡേവിഡ് സുരക്ഷിതമായാണ് വീട്ടിൽ കൈകാര്യം ചെയ്തിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിൽനിന്ന് പാമ്പുകളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഡേവിഡിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബാൾട്ടിമോറിലെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് മാറ്റി.