അടൂര്‍: നിരീക്ഷണകേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവാവിന് മദ്യക്കുപ്പികള്‍ എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായി. ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.
ദുബായില്‍ നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവാണ് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത്. പിന്നീട് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ് മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തു. ഒടുവില്‍ ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാക്കുകയായിരുന്നു. ശനിയാഴ്ചയാണ് പരിശോധനാഫലം വന്നത്.
നിരീക്ഷണ കേന്ദ്രത്തിനടുത്ത് ബൈക്കില്‍ വന്ന രണ്ടുപേര്‍, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറില്‍ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ മദ്യം വെച്ച് മുകളിലേക്ക് നല്‍കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് വിവരം ലഭിച്ച അടൂര്‍ എസ്.ഐ. ശ്രീജിത്ത്, ഒരാളുടെ വീട്ടിലെത്തിയും മറ്റെയാളെ ഫോണില്‍ വിളിച്ചും നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു.