InternationalKeralaNews

സ്പുട്‌നിക് വിയും സ്പുട്‌നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്

മോസ്കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനുകളായ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് എന്നിവയ്ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമാതാക്കളായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ ആരംഭിച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടും പ്രസ്താവനയിൽ അറിയിച്ചു.

ജനിതക വ്യതിയാനം വന്ന മറ്റ് വകഭേദങ്ങൾക്കെതിരെ ഏറ്റവും മികച്ച ഫലപ്രാപ്തി കാണിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്പുട്നിക് വിയ്ക്കും സ്പുട്നിക് ലൈറ്റിനും ഒമിക്രോണിനെ പ്രതിരോധിക്കാനാവുമെന്നാണ് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് കരുതുന്നത്. വാക്സിനിൽ മാറ്റംവരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോൺ ബൂസ്റ്ററുകൾ ലഭ്യമാക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ. കിറിൽ ദിമിത്രേവ് പറഞ്ഞു.

ലോകത്ത് വാക്സിൻ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ഒമിക്രോണും മറ്റ് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകളും ഉടലെടുക്കാൻ കാരണമെന്നും ദിമിത്രേവ് പറഞ്ഞു. നേരത്തെ, വ്യത്യസ്ത വാക്സിനുകൾ ഉൾപ്പെടുത്തിയ സമീപനം വേണമെന്നും വാക്സിൻ നിർമാതാക്കൾ യോജിച്ചു പ്രവർത്തിക്കണമെന്നും സ്പുട്നിക് വാദിച്ചിരുന്നു. സ്പുട്നിക് അവതരിപ്പിച്ച വാക്സിൻ കോംബോകൾ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകൾക്കെതിരെ പോരാടുന്നതിൽ നിർണായകമാണെന്നും ദിമിത്രേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. ഇതിന് ഒമിക്രോൺ എന്ന് പേരും നൽകി. ഈ വകഭേദം ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker