മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാൾ പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാൾ പിടിയിൽ. വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തപ്പുണിത്തുറയിൽ വെച്ചായിരുന്നു ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ക്ലിഫ് ഹൗസിലേക്ക് മൂന്നു ദിവസം മുമ്പാണ് സന്ദേശമെത്തിയത്.തന്റെ സുഹൃത്തിന് പോലീസ് മർദനമേറ്റെന്നും മർദിച്ച പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു ശിവകുമാറിന്റെ സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
അതേസമയം ക്ലിഫ് ഹൗസിലടക്കം പ്രധാന കേന്ദ്രങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശമയച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പായിരുന്നു ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പ്രേം രാജ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.സേലത്ത് നിന്ന് തമിഴ്നാട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിൽ താമസമാക്കിയ ആളാണ് പ്രേംരാജ്. ബിസിനസ് തകർന്ന് മാനസിക സംഘർഷത്തിനടിമപ്പെട്ടയാളാണ് ഇദ്ദേഹമെന്നാണ് പോലീസ് പറയുന്നത്. ഇയാൾ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഭീഷണി മുഴക്കിയിരുന്നു.