ആലുവയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീയും പുരുഷനും മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപത്തെ ഫ്ളാറ്റില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തി. അക്കാട്ട് ലെയിനിലെ ഫ്ളാറ്റില്‍ തൃശ്ശൂര്‍ സ്വദേശികളായ സതീഷ്, മോനിഷ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് സൂചന. കൊലപാതമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ വാതിലുകള്‍ തുറന്നുകിടന്ന നിലയിലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മുറിയ്ക്കുള്ളില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ സൂചനകളും പോലീസ് പരിശോധിച്ചു വരികയാണ്.
ഐഎംഎ ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന പേരില്‍ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ളാറ്റ് വാടകയക്ക് എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.