12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ കാസ്റ്റിങ് കോള്‍ അനുഭവം ആ സംവിധായകന്‍ ഏറെ വിഷമത്തോടെയാണ് പങ്കുവെച്ചത്; മംമ്ത
തന്റെ പുതിയ സിനിമയ്ക്കായി 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിങ് കോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് ഒരു സംവിധായകന്‍ തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്.
കാസ്റ്റിങ് കോള്‍ പ്രകാരം അഭിമുഖത്തിനായി എത്തിച്ചേര്‍ന്ന കുട്ടികളെല്ലാം തങ്ങള്‍ മുതിര്‍ന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായി നടത്തിയ ശ്രമത്തെ കുറിച്ചായിരുന്നു സംവിധായകന്‍ വിഷമത്തോടെ തന്നോട് പറഞ്ഞതെന്ന് മംമ്ത ഒരു അഭിമുഖത്തില്‍ പറയുന്നു. നിഷ്‌കളങ്കമായ ഒരു മനസ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മംമ്ത അഭിമുഖത്തില്‍ പറഞ്ഞു.
നടി, ഗായിക, നിര്‍മ്മാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വിജയം നേടിയിട്ടുണ്ടല്ലോ എന്നും പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനുമായിരുന്നു പുതിയ തലമുറയിലെ കുട്ടികളെ കുറിച്ച് മംമ്ത മനസുതുറന്നത്. ‘നിഷ്‌ക്കളങ്കമായ ഒരു മനസ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ എന്നോട് ഒരു സംവിധായകന്‍ ഏറെ വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്.
അദ്ദേഹം തന്റെ ചിത്രത്തിന് വേണ്ടി കാസ്റ്റിംഗ് കോള്‍ വിളിച്ചു. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെയായിരുന്നു അവര്‍ക്ക് വേണ്ടത്. പക്ഷേ തങ്ങള്‍ മുതിര്‍ന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായിരുന്നു മിക്കവരുടെയും ശ്രമം. ഓവര്‍ നൈറ്റ് സക്സസിന് ശ്രമിക്കുന്നവര്‍ക്കൊരിക്കലും ഇന്‍ഡസ്ട്രിയില്‍ വിജയം ഉണ്ടാകില്ല. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ തന്നെയാകാനാണ് ശ്രമിക്കേണ്ടത്. കഠിനാധ്വാനം കൊണ്ട് മാത്രമേ കരിയറില്‍ വിജയിക്കാന്‍ കഴിയൂ.
കുറുക്കുവഴി തേടി പോകുന്നവര്‍ക്ക് പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും. ആത്മാഭിമാനത്തെ ത്യജിക്കാന്‍ നമ്മുടെ കുട്ടികള്‍ തയ്യാറാകരുത് എന്നേ എനിക്ക് പറയാനുള്ളൂ,’ മംമ്ത പറഞ്ഞു. ഹരിഹരന്‍ സാര്‍ കാരണമാണ് തനിക്ക് സിനിമയില്‍ എത്താനായതെന്നും സിനിമ എന്ന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചത് ഹരന്‍ സാറിന്റെ തീരുമാനം കൊണ്ടുതന്നെയാണെന്നും മംമ്ത പറയുന്നു.
സിനിമയില്‍ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നോ ഒരിക്കല്‍പോലും കരുതിയ ആളല്ല ഞാന്‍. സംഗീതത്തിന് പ്രാധാന്യം നല്‍കി നല്ല സിനിമകള്‍ ഒരുക്കുന്ന സംവിധായകന്‍, മയൂഖത്തില്‍ എത്തിപ്പെടുമ്പോള്‍ ഹരന്‍ സാറിനെ കുറിച്ച് ഈ ചിത്രം മാത്രമായിരുന്നു മനസില്‍. പക്ഷെ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തില്‍ പരിചയപ്പെടാന്‍ കഴിയുകയായിരുന്നു. ഹരന്‍ സാറിന്റെ സിനിമയിലൂടെ വന്നതുകൊണ്ടു തന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം തന്നെ തേടിയെത്തിയതെന്ന് താന്‍ വിശ്വസിക്കുന്നെന്നും മംമ്ത പറഞ്ഞു.