KeralaNews

‘സ്നേഹനിധിക്ക് കണ്ണീരോടെ വി’ട; കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ കുറിപ്പ് ഇങ്ങനെ- സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട, മോഹന്‍ലാല്‍ കുറിച്ചു. 

പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ.., എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കേരളത്തിന്‍റെ പ്രിയ രാഷ്ട്രീയ നേതാവിന്‍റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ്‌ എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്കാരം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button