EntertainmentKeralaNews

അശ്രദ്ധയെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് വലിയ നന്ദി, ലോഗോ പിന്‍വലിച്ച് മമ്മൂട്ടി കമ്പനി

കൊച്ചി:നിര്‍മ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് ചെറിയ കാലയളവില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി നിര്‍മ്മിക്കപ്പെട്ട് പുറത്തെത്തിയ ചിത്രങ്ങള്‍. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. നിര്‍മ്മാണ കമ്പനിയുടെ ലോഗോയും വന്ന സമയത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ലോഗോ ഡിസൈനിന്‍റ മൗലികതയെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഇന്നലെ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചര്‍ച്ചയായിരുന്നു. ചര്‍ച്ചയുടെ ഗൗരവം തിരിച്ചറിഞ്ഞ് നിലവിലെ ലോഗോ പിന്‍വലിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ഇതിന്‍റെ ഭാഗമായി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ലോഗോ മാറ്റിയിട്ടുണ്ട് മമ്മൂട്ടി കമ്പനി.

കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് നിലകൊള്ളുകയെന്ന  വിശാല ലക്ഷ്യത്തിന്‍റെ ഭാഗമായി ഞങ്ങളുടെ ലോഗോ ഒരു റീ-ബ്രാന്‍ഡിംഗിലൂടെ കടന്നുപോകും. ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച മനപൂര്‍വ്വമല്ലാത്ത ഒരു അശ്രദ്ധയെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് വലിയ നന്ദി, ലോഗോ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പില്‍ മമ്മൂട്ടി കമ്പനി അറിയിച്ചു.

എം3ഡിബി ഗ്രൂപ്പില്‍ ജോസ്‍മോന്‍ വാഴയില്‍ എന്ന അംഗം ഇട്ട പോസ്റ്റ് ആണ് മമ്മൂട്ടി കമ്പനിയുടെ തീരുമാനത്തിന് വഴിവച്ചത്. ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ മമ്മൂട്ടി കമ്പനി എന്ന പേര് ആഡ് ചെയ്യുക മാത്രമാണ് പ്രസ്തുത ലോഗോയില്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു ജോസ്‍മോന്‍റെ നിരീക്ഷണം. സമാനമായ മറ്റു ചില ഡിസൈനുകള്‍ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

ജോസ്മോന്‍ വാഴയിലിന്‍റെ പോസ്റ്റ്

ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ് തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്ട്രേഷനുകള്‍, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ ‘ഫ്രീപിക്‘ എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്. എന്നാൽ ലോഗോ / എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന പരിപാടി അത്ര സുഖമുള്ള കാര്യമല്ല. അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റിവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മൾ അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

അതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി‘യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി എന്നീ സൈറ്റുകളില്‍ ഏതിലെങ്കിലും നിന്ന് എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി…. ലോഗോ റെഡി. പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാം. 2021 ൽ ഡോ. Sangeetha Chenampulli എഴുതിയ ‘മങ്ങിയും തെളിഞ്ഞും – ചില സിനിമാ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)

ഇത് മാത്രമല്ലാ, ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ…!! പക്ഷെ…,

നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി‘ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും. സുഹൃത്ത് Lageet John മായി ഇതിനേക്കുറിച്ച് നേരത്തേയും ചർച്ചകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്. താങ്ക്സ് ലജീത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker