എനിക്ക് വന്നിരുന്ന കത്തുകളില്‍ പലതും പൊട്ടിച്ച് വായിച്ചിരുന്നത് ആ നടനായിരുന്നു; രേഖാ ചിത്രമുണ്ടായതിങ്ങനെ തുറന്ന് പറഞ്ഞ് മമ്മൂട്ടി
കൊച്ചി:തിയേറ്റുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥയാണ് പറയുന്നത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സാന്നിധ്യമാണ് രേഖാചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
എ.ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പഴയകാലരൂപം പുനഃസൃഷ്ടിച്ചതാണ് രേഖാചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. മമ്മൂട്ടിയുടെ കാതോട് കാതോരം എന്ന ചിത്രത്തിന്റെ നടന്നുവെന്ന പറയപ്പെടുന്ന സംഭവമാണ് രേഖാചിത്രത്തിന്റെ കഥ. ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോണറിലാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ആദ്യാവസാനമുണ്ട്.
രേഖാചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ തനിക്ക് ധാരാളം ആരാധകര്‍ കത്തയക്കാറുണ്ടായിരുന്നെന്ന് പറയുകയാണ് മമ്മൂട്ടി. ചെന്നൈയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ അഡ്രസാണ് നാന പോലുള്ള വാരികകളില്‍ കൊടുത്തിരുന്നതെന്നും പല കത്തുകളും അങ്ങോട്ടാണ് വന്നതെന്നും മമ്മൂട്ടി പറഞ്ഞു.
ഷൂട്ട് കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ പലപ്പോഴും ചാക്കുകണക്കിന് കത്തുകള്‍ ഉണ്ടാകുമായിരുന്നെന്നും അതെല്ലാം സമയം കിട്ടുന്നതിനനുസരിച്ച് വായിക്കുമായിരുന്നെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തന്റെ റൂമിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീനിവാസനെന്നും തനിക്ക് സമയം കിട്ടാത്തപ്പോള്‍ ശ്രീനിവാസന്‍ പല കത്തുകളും വായിച്ചിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.
അങ്ങനെയാണ് ‘പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്’ എന്നെഴുതിയ കത്ത് ശ്രീനിവാസന് കിട്ടിയതെന്നും അത് അയാള്‍ പിന്നീട് മുത്താരംകുന്ന് പി.ഓ.എന്ന സിനിമയിലേക്ക് എടുത്തെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കാലങ്ങള്‍ക്കിപ്പുറം ആ കത്ത് കാരണം രേഖാചിത്രം എന്ന സിനിമ സംഭവിച്ചെന്നും ഇതിന്റെ കഥ കേട്ടതും തനിക്ക് ഇഷ്ടമായെന്നും മമ്മൂട്ടി പറഞ്ഞു. രേഖാചിത്രത്തിന്റെ വിജയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
‘ഇതില്‍ കാണിച്ചിരിക്കുന്നത് പോലെയായിരുന്നു പണ്ടും. കത്തുകളുടെ രൂപത്തിലായിരുന്നു അന്ന് ഫാന്‍മെയിലുകള്‍ വന്നിരുന്നത്. ഷൂട്ടിന്റെ കാര്യത്തിന് എപ്പോഴും പോകുന്നതിനാല്‍ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ അഡ്രസായിരുന്നു നാന പോലുള്ള വാരികകളില്‍ കൊടുത്തിരുന്നത്. ആ അഡ്രസിലേക്കായിരുന്നു മിക്ക കത്തുകളും വന്നിരുന്നത്. ഷൂട്ടൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ ചാക്കുകണക്കിന് കത്തുകള്‍ ഉണ്ടാകും.
സമയം കിട്ടുന്നതിനനുസരിച്ച് ചിലത് വായിക്കും. ആ സമയത്ത് എന്റെ റൂമിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീനിവാസന്‍. എനിക്ക് പകരം അയാളായിരുന്നു പല കത്തുകളും പൊട്ടിച്ചുവായിച്ചിരുന്നത്. അങ്ങനെയാണ് ‘പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്’ എന്നെഴുതിയ കത്ത് ശ്രീനിയുടെ ശ്രദ്ധയില്‍ പെട്ടത്. അത് പിന്നീട് അയാള്‍ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചു. അത് പിന്നീട് രേഖാചിത്രത്തിനും കാരണമായി. രേഖാചിത്രത്തില്‍ ചെറുതായിട്ടാണെങ്കിലും ഞാനും ഭാഗമായിട്ടുണ്ട്. അതില്‍ സന്തോഷം മാത്രം,’ മമ്മൂട്ടി പറഞ്ഞു.